ചാത്തന്നൂര്‍ : യുവാവിനെ വീട്ടില്‍ കയറി പട്ടാപ്പകല്‍ കുത്തി കൊന്നു. കണ്ണനല്ലൂര്‍ ചേരിക്കോണം മുകളുവിള വീട്ടില്‍ സന്തോഷാ(40) ണ് കൊല്ലപ്പെട്ടത്. തൃക്കോവില്‍ വട്ടം പാങ്കോട് സ്വദേശിയായ പ്രകാശിനെ (45) കണ്ണനല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് സംഭവം. സന്തോഷിന്‍റെ വീട്ടിലെത്തിയ പ്രകാശ് വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം സന്തോഷിന്‍റെ വീട്ടില്‍ സന്തോഷും സഹോദരന്‍റെ മകന്‍ ശരത്തും മാത്രമേ ഉണ്ടായിരുന്നുള്ളു.
ശരത്തിനും പരിക്കേറ്റിട്ടുണ്ട്. പ്രകാശ് മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. വീട്ടില്‍ കയറിയ ഉടന്‍ സന്തോഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ സന്തോഷ് ഓടി അടുത്ത വീട്ടിലെത്തി. അവിടെ ഉണ്ടായിരുന്ന ടെമ്പോയില്‍ കയറ്റി കണ്ണനല്ലൂരില്‍ എത്തിക്കുകയും അവിടെ നിന്നും ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ് കണ്ണനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി. പ്രകാശ് അവിടെതന്നെയുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ഇരുവരും തമ്മില്‍ നേരത്തെ അടിപിടി ഉണ്ടായതായി പോലീസ് പറയുന്നു. പ്രകാശ് ചന്ദനത്തോപ്പിലാണ് ഇപ്പോള്‍ താമസം. പാങ്കോടുള്ള സഹോദരിയുടെ വീട്ടില്‍ എത്താറുണ്ട്. പാങ്കോട് നിന്നാണ് ചേരിക്കോണത്ത് എത്തി കൊല നടത്തിയത്. സന്തോഷിന് കത്തിക്കുത്തേല്‍മ്പോള്‍ ഭാര്യയും മക്കളും സ്ഥലത്തുണ്ടായിരുന്നില്ല.
ഭാര്യയുടെ മാതാവ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു ഭാര്യ. കുട്ടികള്‍ അവരുടെ വീട്ടിലുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്നു സന്തോഷ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കണ്ണനല്ലൂര്‍ പോലീസ് കേസ്സെടുത്തു. അശ്വതിയാണ് സന്തോഷിന്‍റെ ഭാര്യ. മക്കള്‍: കാഞ്ചന, കാവേരി, കീര്‍ത്തന.