ആലപ്പുഴ : വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18ാം വാര്‍ഡ് വൃക്ഷവിലാസം തോപ്പില്‍ അന്‍ഷാദിനെ (27) കൊലപ്പെടുത്തിയ കേസില്‍ തോപ്പില്‍ സുധീറിനാണ് (46) ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി – 3 ജഡ്ജി പി.എന്‍.സീത ശിക്ഷ വിധിച്ചത്. മാരകായുധംകൊണ്ടു മുറിവേല്‍പിച്ചതിന് 2 വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. അന്‍ഷാദിന്റെ കുടുംബത്തിന് സഹായധനം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. 2012 ഓഗസ്റ്റ് 24ന് ആയിരുന്നു സംഭവം. സുധീറിന്റെ വീട്ടിലേക്കുള്ള വഴി ആരോ തടസ്സപ്പെടുത്തി ബൈക്ക് വെച്ചതിനെച്ചൊല്ലി സുധീറും അന്‍ഷാദും ബന്ധുവായ സുനീറും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതു പറഞ്ഞു തീര്‍ക്കാനായി സുധീറിന്റെ വീട്ടിലെത്തിയപ്പോള്‍ അന്‍ഷാദിനെയും സുനീറിനെയും കുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ അന്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. പുന്നപ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും 8 തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി.ഗീത ഹാജരായി.