വളാഞ്ചേരി : തിരുവോണനാളില്‍ മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്കന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതിയെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലെ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കേണിച്ചിറ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന വളാഞ്ചേരി മാങ്ങോട് എം.ആര്‍. അഭിലാഷി (37) നെയാണ് അറസ്റ്റു ചെയ്തത്. കേണിച്ചിറ പരപ്പനങ്ങാടി തവളയാങ്കല്‍ സജീവന്‍ (50) ആണ് മരിച്ചത്.
സംഭവദിവസം വൈകീട്ട് ആറുമണിയോടെ അഭിലാഷും സജീവനും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. രണ്ടുപേരും വാക്കത്തി കൊണ്ട് പരസ്പരം വെട്ടിയെന്നാണ് പോലീസ് പറയുന്നത്. സജീവന് കൈയ്ക്കും അഭിലാഷിന് കൈയ്ക്കും നെഞ്ചിനുമാണ് വെട്ടേറ്റത്. ശബ്ദം കേട്ട നാട്ടുകാരാണ് ചോര വാര്‍ന്നൊലിച്ച് കിടക്കുന്ന അവസ്ഥയില്‍ സജീവനെ കണ്ടത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇരുവരേയും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ കേണിച്ചിറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിലാഷിനെ അറസ്റ്റു ചെയ്തത്.