കുറവിലങ്ങാട്: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു സമീപം വലിയതോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തങ്കച്ചനെ കൊലപ്പെടുത്തിയത് ഒപ്പമിരുന്ന് മദ്യപിച്ച നാടോടി സ്ത്രീ. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തില്‍ കുറവിലങ്ങാട് ചീമ്പനായില്‍ സി.എ.തങ്കച്ചനെ (57) നാടോടി സ്ത്രീ കൊലപ്പെടുത്തിയതാണെന്നു പോലീസ് കണ്ടെത്തി.
സംഭവത്തില്‍ സ്റ്റാന്‍ഡിനു സമീപം താല്‍ക്കാലിക ഷെഡില്‍ താമസിക്കുന്ന ഉഴവൂര്‍ പുല്‍പാറ കരിമാക്കില്‍ ബിന്ദു(31)വിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച തങ്കച്ചനെ മരക്കഷണത്തിന് അടിച്ച് തോട്ടിലേക്ക് തള്ളിയിട്ടെന്ന് ബിന്ദു മൊഴി നല്‍കി. മാര്‍ക്കറ്റിലെ മത്സ്യ വ്യാപാര കേന്ദ്രത്തില്‍ സഹായി ആയി ജോലി ചെയ്തിരുന്ന തങ്കച്ചനെ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ബിന്ദു പിടിയിലായത്.
ഞായറാഴ്ച ഉച്ചയോടെ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബാറില്‍ നിന്നു മദ്യം വാങ്ങിയ തങ്കച്ചന്‍ ബിന്ദുവിനെ കൂട്ടി വലിയതോടിന്റെ കരയിലെത്തി മദ്യപിച്ചു. മദ്യലഹരിയിലായ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തങ്കച്ചന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതു തടയുന്നതിനു തടിക്കഷണം ഉപയോഗിച്ചു തങ്കച്ചന്റെ തലയ്ക്കടിച്ചു. ബോധം പോയ തങ്കച്ചനെ പിന്നീട് തോട്ടിലേക്ക് തള്ളിയിട്ടു എന്നുമാണ് ബിന്ദു പോലീസില്‍ നല്‍കിയ മൊഴി.
ഉച്ചസമയമായിരുന്നതിനാല്‍ പരിസരത്ത് ആരും ഇല്ലായിരുന്നതിനാല്‍ ദൃക്‌സാക്ഷികള്‍ ആരും ഉണ്ടായിരുന്നില്ല. വൈകിട്ട് നാലിനു തിരികെ എത്തിയ ബിന്ദു തോട്ടില്‍ കമഴ്ന്നു കിടക്കുന്ന തങ്കച്ചനെയാണ് കണ്ടത്. തുടര്‍ന്ന് സഹോദരിയെയും നാട്ടുകാരെയും വിവരം അറിയിച്ചു. പോലീസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വൈക്കം ഡിവൈഎസ്‌പി മുഹമ്മദ് റിയാസ്, കുറവിലങ്ങാട് എസ്‌എച്ച്‌ഒ ഇ.എസ്.സാംസണ്‍,എസ്‌ഐ ടി.ആര്‍.ദീപു, എഎസ്‌ഐമാരായ ബിജു തോമസ്, കെ.എം.ഷാജുലാല്‍, വര്‍ഗീസ് കുരുവിള, വനിതാ സിപിഒമാരായ കെ.ജി.ഷീജ, സുമംഗല, ബിന്ദു, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എം.എല്‍.വിജയപ്രസാദ്, സിനോയ്‌മോന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. ഏതാനും വര്‍ഷം മുന്‍പ് യുവാവിനെ വെട്ടി പരുക്കേല്‍പിച്ച കേസില്‍ പ്രതിയായിരുന്നു ബിന്ദു.