മൂന്നാര്‍ : ഗുണ്ടുമല എസ്റ്റേറ്റില്‍ അന്തര്‍സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി സ്വദേശത്തേക്ക് കടന്ന പ്രതികള്‍ പിടിയില്‍. ഝാര്‍ഖണ്ഡ് മിഞ്ചിക്കല്‍ സ്വദേശി ശരണ്‍ സോയിയെ (29) കൊലപ്പെടുത്തിയ കേസില്‍ ഡാബൂ ചാമ്പിയ, ഷാദേവ് ലാങ് എന്നിവരെ ഝാര്‍ഖണ്ഡിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഞായറാഴ്ച മൂന്നാറിലെത്തിക്കും. കൊലപാതകം നടത്തിയശേഷം നാടുവിട്ട ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കിയിരുന്നു. ശാന്തന്‍പാറ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി.ഡി അനൂപ് മോന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘമാണ് ഝാര്‍ഖണ്ഡിലേക്ക് പോയത്. ഗുണ്ടുമല എസ്റ്റേറ്റിലെ തൊഴിലാളികളായ ശരണ്‍ സോയ്, ഡാബു, ഷാദേവ് എന്നിവര്‍ കഴിഞ്ഞ 23ന് വൈകീട്ട് മദ്യപിച്ചശേഷം അടിപിടികൂടിയിരുന്നു.
നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. തൊട്ടടുത്ത ദിവസം മൂവരെയും കാണാതായതോടെ പോലീസില്‍ പരാതിയും നല്‍കി. 24ന് വൈകീട്ടാണ് ശരണ്‍ സോയിയുടെ മൃതദേഹം തോട്ടത്തില്‍ കണ്ടെത്തിയത്. തലയുടെ ഒരുഭാഗം തകര്‍ന്നും ഒരുകണ്ണ് ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹം. ഒളിവില്‍ പോയ പ്രതികളുടെ മൊബൈല്‍ ടവര്‍ പോലീസ് പരിശോധിച്ചപ്പോള്‍ 25ന് ഇവര്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ എത്തിയതായി മനസ്സിലായി. എന്നാല്‍, പോലീസ് എത്തിയപ്പോഴേക്കും കടന്നു. 25ന് ചെന്നൈയിലും തുടര്‍ന്ന് നാട്ടിലേക്കുമുള്ള യാത്രയിലാണെന്നും പോലീസ് മനസ്സിലാക്കി. ഇതോടെയാണ് അഞ്ചംഗ പോലീസ് സംഘം ഝാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടത്.