മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതിയായ യൂനുസ് കോയക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യ സുലൈഖയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ തിരൂര്‍ പടിഞ്ഞാറെ കരയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജെ എം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് യൂനുസ് കോയ നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികള്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പൊന്നാനി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.