മലപ്പുറം : രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ(70)യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ആയിഷയുടെ പേരമകളുടെ ഭര്‍ത്താവായ ഇയാള്‍ കവര്‍ച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂലായ് 16-നാണ് ആയിഷയെ വീട്ടിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ആയിഷയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
സംഭവദിവസം പേരക്കുട്ടികള്‍ വിളിക്കാനെത്തിയപ്പോഴാണ് രക്തംവാര്‍ന്ന് ശുചിമുറിയില്‍ ആയിഷയെ കണ്ടത്. ഉടനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തത്.