തൃശൂര്‍ : പെരിഞ്ചേരിയില്‍ ബംഗാളി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനും അറസ്റ്റില്‍. ഭാര്യ രേഷ്മ ബീവി (40) ,ബംഗാള്‍ സ്വദേശി ബീരു (33)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുവഴക്കിനെത്തുടര്‍ന്ന് താന്‍ അബദ്ധത്തില്‍ അടിച്ചപ്പോള്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടതാണെന്ന ഭാര്യയുടെ വാദമാണ് പൊളിഞ്ഞത്. കാമുകനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പോലീസ് കണ്ടെത്തി. പെരിഞ്ചേരിയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളിയായ ബംഗാള്‍ ഹുബ്ലി ഫരീദ്പൂര്‍ സ്വദേശി മന്‍സൂര്‍ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ രേഷ്മ ബീവി പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ തന്നെ രേഷ്മയുടെ വാദങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാള്‍ സ്വദേശി ബീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം. രണ്ടു പേരെയും അറസ്റ്റു ചെയ്തു.
എന്നാല്‍ ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ഥ സത്യങ്ങള്‍ പുറത്തുവന്നത്. താനും ബീരുവും അടുപ്പത്തിലായിരുന്നുവെന്ന് രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി തന്റെ സമ്മതത്തോടെ ബീരു മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവന്‍ ശുചിമുറിയില്‍ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകില്‍ കുഴിയെടുത്ത് മൂടി. ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയാണ്.