ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പട്ടേല്‍നഗറില്‍ സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പതിനേഴു വയസ്സുകാരനെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. വെള്ളിയാഴ്‌ച നടന്ന ദാരുണ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുത്തേറ്റ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കംപ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞു വരുന്ന വഴി വീടിനു സമീപത്തുവെച്ചാണ് പതിനേഴുകാരന്‍ ആക്രമണത്തിന് ഇരയായത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ പ്രതികളും പതിനേഴുകാരനും തമ്മില്‍ തര്‍ക്കമായി. മൂന്നുപേര്‍ തെരുവില്‍ ഏറ്റുമുട്ടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ പ്രതികളിലൊരാള്‍ കത്തിയെടുത്ത് പെണ്‍കുട്ടിയുടെ സഹോദരനെ കുത്തുകയായിരുന്നു. നട്ടെല്ലിനോട് ചേര്‍ന്നാണ് കുത്തേറ്റത്. കുത്തേറ്റതിനു പിന്നാലെ പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. രക്തം വാര്‍ന്ന പതിനേഴുകാരന്‍ ഫോണില്‍ ആരെയോ വിളിച്ച് സഹായം ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇരുവരും പിടിയിലായെന്നും പോലീസ് അറിയിച്ചു.