ന്യൂഡൽഹി : ഹരിയാനയിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കി വഴിയിൽ തള്ളിയ കേസിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കൊല്ലപ്പെട്ട ഹിമാനി നർവാളിന്റെ സുഹൃത്തും ബഹദൂർഗഢ് സ്വദേശിയുമായ സച്ചിനെയാണ് (32) പ്രത്യേക അന്വേഷണസംഘം ഡൽഹിയിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്. ഫെബ്രുവരി 27ന് ഹിമാനിയുടെ റോത്തക്ക് വിജയ്‌നഗറിലെ വീട്ടിൽ സച്ചിൻ പോയിരുന്നു. അടുത്ത ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് ഹിമാനിയുടെ കഴുത്ത് ഞെരിച്ച് സച്ചിൻ കൊല്ലുകയായിരുന്നു. തുടർന്ന്, മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി റോത്തക്കിലെ സാംപ്ല ബസ് സ്‌റ്റാൻഡിന് സമീപം ഉപേക്ഷിച്ചു. ഹിമാനിയുടെ ആഭരണങ്ങൾ, മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയവ പ്രതി കവർന്നതായും പോലീസ് പറഞ്ഞു.
ഝജ്ജറിൽ മൊബൈൽ കട നടത്തുന്ന സച്ചിനെ സമൂഹമാധ്യമത്തിലൂടെയാണ് ഹിമാനി പരിചയപ്പെട്ടത്. ഹിമാനി പങ്കെടുക്കുന്ന കോൺഗ്രസിന്റെ പരിപാടികളിൽ സച്ചിനും പങ്കെടുക്കുമായിരുന്നു. കൂടുതൽപേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഹരിയാന പോലീസ് പറഞ്ഞു. സച്ചിന്റെ അവകാശവാദങ്ങൾ നുണയാണെന്ന് ഹിമാനിയുടെ അമ്മ സവിത നർവാൾ പ്രതികരിച്ചു. കോൺഗ്രസുകാരോ ബന്ധുക്കളോ ആരെങ്കിലും ആകാം കൊലപാതകത്തിന് പിന്നിലെന്നും അവർ ആരോപിച്ചു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപിന്ദർസിങ് ഹൂഡയുടെ കുടുംബവുമായി ഹിമാനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത്‌ജോഡോ യാത്രയിൽ ഹിമാനി പങ്കെടുത്തിരുന്നു.