ആലപ്പുഴ : അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു. നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് കൈനടി അടിച്ചിറയില്‍ പ്രദീപ്കുമാറിന് (46) ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി എന്‍ സീത ശിക്ഷ വിധിച്ചത്.
447-ാം വകുപ്പ് പ്രകാരം പ്രതി ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം. കൂടാതെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസിലെ ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന്‍ ഓമനക്കുട്ടന്‍, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്‍തൃസഹോദരന്‍ അനിയന്‍ എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു.
2004 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാര്‍ അശ്ലീല ചുവയോടെ സംസാരിക്കുന്നത് സരസമ്മ എതിര്‍ത്തിരുന്നു. സംഭവ ദിവസം പ്രദീപ്കുമാര്‍ സരസമ്മയുടെ വീട്ടിലെത്തി പതിവ് രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍ത്തു. ഈ സമയം പ്രദീപ്കുമാര്‍ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേല്‍പിക്കുകയായിരിന്നു. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന മകന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതെയെന്ന് പറഞ്ഞ് സരസമ്മ ഇടക്ക് കയറി.
വീണ്ടും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും അന്ന് തന്നെ മരിക്കുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കൈനടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും 4 തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി പി ഗീത ഹാജരായി.