തൃശൂര്‍: മുരിങ്ങൂരില്‍ അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലെ പത്ത് പ്രതികളില്‍ രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവരെ കസ്റ്റഡിയില്‍ എടുത്ത കൊരട്ടി എസ്. എച്ച്. ഒ അടക്കം പതിനഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മുരിങ്ങൂര്‍ കോട്ടമുറിയില്‍ രണ്ട് സ്ത്രീകളടക്കം പത്ത് പ്രതികളെ കൊരട്ടി പോലീസ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട പിടികൂടിയത്. അന്ന് വീട് റെയിഡ് ചെയ്യുവാനും ഇവരെ കോടതിയില്‍ ഹാജരാക്കുവാനും അടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന പതിനഞ്ച് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തില്‍ പോകുന്നത്.
18 പെണ്‍ വാണിഭ കേസുകളില്‍ പ്രതിയായ വെറ്റിലപ്പാറ സ്വദേശി സിന്ധുവിന്റെ നേതൃത്വത്തില്‍ രണ്ട് മാസത്തോളമായി വീട് വാടകക്കെടുത്തായിരുന്നു ഇവിടെ പെണ്‍വാണിഭം നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍.
കൊരട്ടി എസ്‌എച്ച് ഒ കെ.ബി അരുണിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആണ് രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും പിടിയിലായത്. പ്രതികള്‍ വന്ന കാറും നാല് ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐ. സി. കെ. സുരേഷ് കുമാര്‍, എ.എസ് ഐമാരായ എം എസ് പ്രദീപ്, ഷിബു പോള്‍, സി പി ഒ മാരായ രാജേഷ് ചന്ദ്രന്‍, സിജു, ദിനേശന്‍, സന്നദ്ധ പോലീസ് ബിജു, വനിത സി പി ഒ അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ഓണ്‍ലൈന്‍ വഴി ഇടപാടുകാര്‍ക്ക് ഫോട്ടോ കാണിച്ച് സെലക്ഷന്‍ നടത്തി പണം ഓണ്‍ലൈന്‍ വഴി അക്കൗണ്ടിലേക്ക് ഇട്ടത്തിന് ശേഷം ആണ് ഇടപാടുകാരെ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ ഇടപാടുകാരെത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊന്‍പതു വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലും സിന്ധു നേരത്തെ പിടിയിലായിരുന്നു.