മുർഷിദാബാദ്: മുർഷിദാബാദ് ആക്രമണത്തിൽ സിപിഎം പ്രവർത്തകരായ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റിൽ. പ്രതി സിയാവുൾ ഷെയ്ക്കിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് മുർഷിദാബാദിലുണ്ടായ സംഘർഷത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. വഖഫ് നിയത്തിനെതിരായ പ്രതിഷേധത്തിനിടെ മുർഷിദാബാദിൽ നടന്ന കൊള്ള തടയുന്നതിനിടെയാണ് സിപിഎം പ്രവർത്തകരായ അച്ഛനും മകനും കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതി സിയാവുൾ ഷെയ്ക്കിനെ ഉത്തർ ദിനാജ് ജില്ലയിൽ നിന്നും സ്പെഷ്യൽ ടാസ്ക് ഫോഴ്സും പ്രത്യേക അന്വേഷണസംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടുകയായിരുന്നു.
സിപിഎം പ്രവർത്തകരായ ഹരിഗോവിന്ദദാസ്, മകൻ ചന്ദൻദാസ് എന്നിവരെ കൊലപ്പെടുത്തുന്നതിന് മുൻപ് വീട് തകർക്കുന്നതിനും ഇയാൾ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും ഷെയ്ക്കിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കെഷനും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊലപെടുത്തിയതിന് പിന്നാലെ ഏപ്രിൽ 12 മുതൽ ഇയാൾ ഒളിവിലായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും അക്രമ സംഭവങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കുന്നതിലും മമതാ സർക്കാരിന് വീഴ്ച ഉണ്ടായെന്ന് ആരോപണം ഉയർന്നതിനിടെയാണ് ഷെയ്ക്കിന്റെ അറസ്റ്റ്. മുർഷിദാബാദിലുണ്ടായ കൊലപാതകത്തിൽ ആകെ നാലുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.