മലപ്പുറം : അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എം എല്‍ എക്ക് മുസ്ലിംലീഗിന്റെ പിന്തുണ. കേസ് സംബന്ധിച്ച് ഷാജി പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ നല്‍കിയ മറുപടി പൂര്‍ണ തൃപ്തികരമാണെന്ന് നേതൃത്വം വിലയിരുത്തി. ഷാജിക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുന്നത് പ്രതികാര നടപടിയുടെ ഭാഗമാണെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് നേതാക്കള്‍ക്കെതിരെ പ്രതിപ്പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ പോലീസിന് നല്‍കുകയാണ്. കേസ് കണ്ട് ഭയപ്പെടുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഞ്ചനാ കേസില്‍ ഇതിനകം 86 കേസില്‍ അറസ്റ്റിലായ എം സി ഖമറുദ്ദീനേയും സംരക്ഷിക്കുന്ന നിലപാടാണ് ഇന്നത്തെ ലീഗ് ഉന്നതാദികാര സമിതിയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജിവെക്കാന്‍ പര്യാപ്തമായ കാര്യങ്ങള്‍ ഖമറുദ്ദീനെതിരെ ഇല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എല്‍ ഡി എഫ് നേതാക്കള്‍ക്കെതിരെയുള്ളത് പോലുള്ള കേസല്ല ഇതെന്നും നേതാക്കള്‍ പറയുന്നു. മാത്രമല്ല സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്യുകയാണെന്നും ലീഗ് ആരോപിക്കുന്നു.