മലപ്പുറം : സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുസ്ലിം ലീഗ്. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ കൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ മലപ്പുറത്ത് പറഞ്ഞു. ബിജെപിയും നരേന്ദ്രമോദിയും ദില്ലിയിൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സിപിഎം കേരളത്തിൽ കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സമുദായങ്ങളെ ഭിന്നപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ആരോപിച്ചു.
‘മൗലികമായ കാര്യങ്ങളിൽ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ല. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണ്. കേരളത്തിലെ സമുദായങ്ങളെ ഭിന്നപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. ചിലരെ ചവിട്ടിപ്പുറത്താക്കുന്നു. ഇതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലീം ലീഗ് മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ശക്തമായി മുന്നോട്ട് പോവുമെന്നും ഇടി മുഹമ്മദ് ബഷീർ ആവർത്തിച്ചു.