കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് ലീഗ് കടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേൾക്കാൻ സംസ്ഥാന നേതാക്കൾ കഴിഞ്ഞ തവണ മത്സരിച്ച 24 മണ്ഡലങ്ങളിലും എത്തും. ഈ മാസം 15ആം തിയതിക്ക് ശേഷമാണ് എത്തുക. അതിന് മുന്നോടിയായി സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ നാളെ മുതൽ വിളിച്ച് ചേർത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മാസങ്ങളുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതടക്കം വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലീഗ് ലക്ഷ്യം. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ മണ്ഡലങ്ങളിലും പ്രത്യേക യോഗം വിളിക്കാന്‍ നേതൃത്വം തീരുമാനിച്ചത്. ആരാകണം സ്ഥാനാര്‍ഥി എന്നതടക്കമുള്ള താത്പര്യങ്ങള്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് സംസ്ഥാന നേതൃത്വത്തെ അറിയിക്കാം.
അധികമായി ലഭിക്കുന്ന സീറ്റുകള്‍ ഏതാണെന്ന് വ്യക്തമായതിന് ശേഷം ആ മണ്ഡലങ്ങളിലും സമാന രീതിയില്‍ യോഗം വിളിക്കും. മണ്ഡലം കമ്മിറ്റികള്‍ ഒറ്റ പേരിലെത്തിയാലും മറ്റ് ഘടകങ്ങള്‍ കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും നേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി 5, 6, 7, 8, 9 തിയ്യതികളില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗം ജില്ലാ തലങ്ങളില്‍ വിളിച്ചിട്ടുണ്ട്. ഒരു ജില്ലയില്‍ രണ്ട് സംസ്ഥാന നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക. കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പങ്കെടുക്കും. എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും മറ്റ് സംസ്ഥാന ഭാരവാഹികളുമാണ് മറ്റ് ജില്ലകളില്‍ പങ്കെടുക്കുക.