പത്തനംതിട്ട : 2018ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കായി വിതരണം ചെയ്യുന്നതിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ 11.5 ലക്ഷം രൂപ ജില്ലയിലെ നേതാക്കൾ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് പറഞ്ഞു.
ജില്ലയിലെ ലീഗ് നേതാക്കളുടെ സത്യസന്ധതയും അതുവഴി ലീഗിനോടുള്ള വിശ്വാസ്യതയും അണികൾക്കും പൊതുസമൂഹത്തിനും നഷ്ടമായതിന്റെ തെളിവാണിത്. 11 ലക്ഷം രൂപയിൽ ഏഴര ലക്ഷവും നേതാക്കളുടെ ബന്ധുക്കൾക്ക് മാത്രമായി നൽകിയെന്ന സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡൻ്റായിരുന്ന മുഹമ്മദ് സാലിയുടെ ആരോപണങ്ങൾക്ക് സത്യസന്ധമായ മറുപടി ലീഗ് നേതൃത്വത്തിൽ നിന്നുണ്ടായിട്ടില്ല. ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലാണ് നേതാക്കളുടെ പ്രതികരണം വന്നത്. ആത്മാഭിമാനമുള്ള നേതാക്കളും പ്രവർത്തകരും ഇതിനെതിരേ രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് നൽകിയത് ആർക്കൊക്കെയാണന്ന ലിസ്റ്റ് പുറത്തു വിടാനുള്ള സാമാന്യ മര്യാദ കാണിക്കാനെങ്കിലും ലീഗ് നേതൃത്വം തയ്യാറാകണം. ഫണ്ട് വകമാറ്റിയതായി ജില്ലാ കമ്മിറ്റിക്ക് കത്തു നല്‍കിയിട്ടും നേതൃത്വം മുഖവിലക്കെടുത്തില്ല. തുടർന്ന് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാദിഖലി ഷിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് മുഹമ്മദ് സാലിയുടെ വെളിപ്പെടുത്തൽ.
പ്രളയഫണ്ടിൽ പോലും തട്ടിപ്പ് നടത്തിയവർക്ക് ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് ഉള്ളതെന്ന് പൊതുസമൂഹം മനസ്സിലാക്കണം. ജില്ലയിൽ ലീഗിനുള്ള ജനപിന്തുണ നഷ്ടപ്പെട്ടതോടെ പാർട്ടിയിൽ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാതിരുന്നതിലൂടെ ലീഗിന്റെ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്ടമായി. സിറ്റിങ് സീറ്റുകൾ പോലും നഷ്ടപ്പെട്ടു. വോട്ടേഴ്‌സ് ലിസ്റ്റ് എടുത്തുവെച്ച് പേരെഴുതി മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന നടപടി രാഷ്ട്രീയ പാർട്ടികൾക്ക് യോജിച്ച നയസമീപനങ്ങളല്ലെന്നും മുഹമ്മദ് അനീഷ് പറഞ്ഞു.