കോഴിക്കോട്: വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ മഹാറാലി. വഖഫ് നിയമത്തിനെതിരെയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലി എന്നാണ് ലീഗ് അവകാശപ്പെടുന്നത്. പരിപാടിയിൽ ലക്ഷക്കണക്കിനാളുകളാണ് അണിനിരന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു റാലി. സുപ്രീം കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും അതിന്റെ സൂചനയാണ് ഇന്ന് കോടതിയിൽ നിന്നുണ്ടായതെന്നും സാദ്ദിഖലി തങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമനിർമാണം നടത്തുന്ന സ്ഥലമായി പാർലമെൻ്റ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം സംസ്ഥാന സർക്കാരിനെതിരെയും വിമർശനമുയർന്നു. കുറുക്കന്റെ കണ്ണുമായി രാഷ്ട്രീയ ലാഭം നോക്കിയിരിക്കുകയാണ് പിണറായി സർക്കാർ എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. തിരഞ്ഞെടുപ്പ് വരെ മുനമ്പത്തെ പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നും നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റു തുന്നം പാടുമെന്നും കുഞ്ഞാലിക്കുട്ടി പ്രസംഗത്തിൽ പറഞ്ഞു. ബിജെപി വഖഫിനെക്കുറിച്ച് നുണപ്രചാരണം നടത്തുന്നുവെന്ന് കർണാടക മന്ത്രി കൃഷ്ണ ഭൈര പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ക്ഷണമുണ്ടായിരുന്ന വി.ഡി. സതീശനും, പഞ്ചാബ് പിസിസി അധ്യക്ഷൻ അമരീന്ദർ സിങ് രാജയും പരിപാടിക്ക് എത്തിയില്ല. വി.ഡി. സതീശൻ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വരാതിരുന്നതെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. അമരീന്ദർ സിങ് രാജയുടെ സ്ഥാപനങ്ങൾക്കെതിരെ ഇ.ഡി സമൻസ് നൽകിയെന്നും അതുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടാണ് എത്താതിരുന്നതെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമും വ്യക്തമാക്കി. തെലങ്കാന മന്ത്രി ദൻസാരി അനസൂയ സീതക്ക പരിപാടിക്ക് എത്തിയിരുന്നു.