കോഴിക്കോട് : ലോക്ഡൗണ്‍ കാലത്ത് കേന്ദ്ര സർക്കാർ ന്യൂനപക്ഷ വേട്ട നടത്തുന്നതായി മുസ്‌ലിം സംഘടനകൾ. രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടി മനുഷ്യത്വ രഹിതമാണെന്ന് മുസ്‌ലിം സംഘടനകളുടെ യോഗം കുറ്റപ്പെടുത്തി. ഇതിന് എതിരെ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ടുവരാനും യോഗത്തിൽ തീരുമാനിച്ചു.
പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ കേന്ദ്രസർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്നു. രാജ്യം മഹാമാരിയെ നേരിടുമ്പോൾ മുസ്‌ലിം വിരുദ്ധ ഭരണകൂടം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം നയിച്ചവരെ വേട്ടയാടുകയാണെന്ന് യോഗം വിലയിരുത്തി. ഡൽഹിയിലെ മുസ്‌ലിം വിരുദ്ധ വംശഹത്യ കലാപത്തിന്റെ പേരിൽ സഫൂറ സർഗാർ അടക്കമുള്ളവർക്ക് എതിരെ കരിനിയമങ്ങൾ ചുമത്തിയത് ഇതിന്റെ ഭാഗമാണ്. യഥാർത്ഥത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കുന്നില്ല. ഇതിന്റെ തുടർച്ചയാണ് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാനെതിരായ നടപടിയെന്നും യോഗം കുറ്റപ്പെടുത്തി.
ലോക്ഡൗണിന്റെ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങൾ അടക്കം ഉപയോഗപ്പെടുത്തി ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ട് വരും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം.