എടപ്പാള്‍ : എടപ്പാള്‍ മാണൂരില്‍ പാര്‍ട്ടിക്കെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവാ ഹാജിക്ക് സീറ്റ് നല്‍കാത്തതിലാണ് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുസ്ലീംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.
തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍ പാണക്കാട് എത്തി. പ്രവര്‍ത്തകര്‍ ഹൈദരലി തങ്ങളെ കണ്ട് പരസ്യ പ്രതിഷേധം അറിയിച്ചു.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുരടുകയാണ്. നുര്‍ബിന റഷീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ലീഗിലെ തന്നെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെ എം ഷാജി മത്സരിക്കാന്‍ എത്തിയതോടെ അഴീക്കോട് മണ്ഡലത്തിലും അഴിമതി സജീവ ചര്‍ച്ചയാകുകയാണ്. ഷാജി പ്രതിയായ അഴീക്കോട് സ്‌കൂള്‍ കോഴക്കേസും അനധികൃത സ്വത്ത് സമ്പാദനക്കേസും തിരിച്ചടിയാകുമെന്ന ഭയത്തിലാണ് യു ഡി എഫ് ക്യാമ്പ്. അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷാജിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്നും ലീഗ് ജില്ലാ നേതാക്കള്‍ വിട്ടുനിന്നതും ചര്‍ച്ചയായി.