കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ മുഖങ്ങളെ മാറ്റി പുതു പരീക്ഷണത്തിന് മുസ്ലീംലീഗ് ഒരുങ്ങുന്നു. ഇത്തവണ എംഎല്‍എയായ 10 പേര്‍ക്ക് അടുത്ത തവണ സീറ്റ് നല്‍കേണ്ടെന്നാണ് ഉന്നതാധികാര സമിതിയില്‍ ഉണ്ടായിരിക്കുന്ന പ്രാഥമിക ധാരണ.
അഴിമതി , തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായ വി. കെ ഇബ്രാഹിംകുഞ്ഞിനേയും എം.സി കമറുദ്ദീനേയും മത്സരിപ്പിക്കേണ്ടതില്ലെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനു പുറമെ എട്ടു പേരെക്കൂടി ഒഴിവാക്കാനാണ് തീരുമാനം. തിരുരങ്ങാടി എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി. കെ അബ്ദുറബ്ബിനും സീറ്റുണ്ടാവില്ല. കെ.എന്‍.എ ഖാദര്‍, സി. മമ്മൂട്ടി, പി. ഉബൈദുള്ള എന്നിവരും മത്സരിക്കില്ല. സീറ്റില്ലാത്തവരില്‍ ടി.എ അഹമ്മദ് കബീറും, എം. ഉമ്മറും ഉള്‍പ്പെട്ടേക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ മാറി നില്‍ക്കട്ടെ എന്ന തീരുമാനമൊന്നും പാര്‍ട്ടി എടുത്തിട്ടില്ല. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കിയത് പാര്‍ട്ടിക്ക് ഗുണമുണ്ടായി എന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റിംഗ് എംഎല്‍എമാരെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്.
മങ്കട എംഎല്‍എ ടി.എ അഹമ്മദ് കബീര്‍ ഇക്കുറി മത്സരിക്കാനില്ലെന്ന നിലപാട് തങ്ങളെ നേരിട്ടു കണ്ട് അറിയിച്ചുവെന്ന് സൂചനകളുണ്ട്. കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും ഇക്കുറിയും മത്സരിക്കും. മണ്ണാര്‍ക്കാട്ട് നിന്നും എന്‍ ഷംസുദീനെ മാറ്റി മലപ്പുറത്തുനിന്നും ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വേങ്ങരയില്‍ നിന്നും കെഎന്‍എ ഖാദറിനെ മാറ്റുന്നതിനാല്‍ അദ്ദേഹത്തെ ലോക്സഭയിലേക്ക് പരിഗണിക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് ലീഗിന് ഇക്കുറി നല്ല പ്രാതിനിധ്യം ലഭിക്കുമെന്നാണ് സൂചന.
പി.കെ ഫിറോസിന് പുറമെ നജീബ് കാന്തപുരം, എംകെഎം അഷ്റഫ് ( മഞ്ചേശ്വരം), യുഎ റസാഖ്( തിരൂരങ്ങാടി) എന്നിവര്‍ക്കും സീറ്റ് ലഭിക്കും. വനിതാ പ്രാതിനിധ്യമായി സുഹ്റ മമ്പാട്, ഫാത്തിമ തെഹ് ലിയ എന്നിവരും പരിഗണനയിലുണ്ട്. സാധാരണ രണ്ടോ മൂന്നോ തവണ മത്സരിച്ച മുതിര്‍ന്ന നേതാക്കളൊഴികെയുള്ള നേതാക്കളെ മത്സര രംഗത്തുനിന്ന് മാറ്റി നിര്‍ത്തുക എന്ന പതിവ് ലീഗിനുണ്ട്. പക്ഷേ ഇതാദ്യമായാണ് പത്തുപേരെ മത്സരരംഗത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.