മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ ഷൈലജക്കെതിരായ പരാമർശത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലിം ലീഗ്. കെപിസിസി പ്രസിഡന്‍റ് അത്തരത്തിലൊരു പരാമർശം നടത്താന്‍ പാടില്ലായിരുന്നുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു. കെപിസിസിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കാണെന്നും അത് യുഡിഎഫിന്‍റെ അഭിപ്രായമല്ലെന്നും മുസ്ലിം ലീഗ് നിലപാടെടുത്തു.
എന്തുപറയണമെന്നു തീരുമാനിക്കേണ്ടത് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെയാണ്. പ്രസ്താവന പിന്‍വലിക്കണോ വേണ്ടയോ എന്ന നിലപാട് എടുക്കേണ്ടതും അദ്ദേഹമാണ്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം ശരിയായില്ലെന്നും വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കുന്നതായിരുന്നു നല്ലതെന്നുമാണ് ലീഗിന്‍റെ അഭിപ്രായമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.
മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പേരില്‍ പ്രതിപക്ഷത്തെ ഒന്നടങ്കം വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും മജീദ് ചൂണ്ടിക്കാണിച്ചു. നിപാ വന്ന സമയത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരുമായി സഹകരിച്ച് പോന്നിട്ടുണ്ടെന്നും മജീദ് പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ട്. പ്രവാസികളുടെ വിഷയത്തില്‍ സർക്കാരിനെതിരെ നീങ്ങിയ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്നാണ് യുഡിഎഫിന്‍റെ പൊതുവായ വിലയിരുത്തല്‍.