ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക സംബന്ധിച്ച കേസില്‍ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് വരുംമുന്‍പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗിന്റെ ഹര്‍ജി.
നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആയിരിക്കും ഹാജരാകുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ളതെന്ന ആരോപണവും ലീഗിനുണ്ട്. ഇക്കാര്യവും സുപ്രീം കോടതിയെ അറിയിച്ചേക്കും.