തിരുവനന്തപുരം : വിവാദ റവന്യൂ ഉത്തരവിന്റെ മറവില്‍ വൃക്ഷങ്ങള്‍ ഉദ്യോഗസ്ഥ പങ്കാളിത്തത്തോടെ മുറിച്ച് കടത്തിയതിന്റെ കൂടുതല്‍ തെളിവ് പുറത്ത്. മുട്ടില്‍ ഉള്‍പ്പെടെ മരംമുറി അന്വേഷണം ഇഴഞ്ഞുനീങ്ങവെയാണ് വനം- റവന്യൂ ഉദ്യോഗസ്ഥര്‍ തടിക്കച്ചവടക്കാരും വനംകൊള്ളക്കാരുമായി ചേര്‍ന്നു നടത്തിയ മരംകൊള്ളയുടെ വിവരം പുറത്തുവരുന്നത്. ഇടുക്കി ജില്ലയിലെ മന്നാംകണ്ടം, ആനവിരട്ടി, വെള്ളത്തൂവല്‍, കൊന്നത്തടി വില്ലേജുകളില്‍ 2020 ഒക്ടോബര്‍ 24നും 2021 ഫെബ്രുവരി രണ്ടിനുമിടക്കാണ് രാജകീയ വൃക്ഷങ്ങള്‍ മുറിച്ച് കടത്തിയത്.
അടിമാലി റേഞ്ച് ഓഫീസര്‍ ജോജി ജോണിന്റെ ഒത്താശയിലായിരുന്നു മരംമുറി.1964 ലെ കേരള ഭൂമി പതിവ് ചട്ടം, വനം വകുപ്പിന്റെ കേരള പ്രമോഷന് ഓഫ് ട്രീ ഗ്രോത്ത് ആക്ട് 2011, കേരള പ്രിസര്വഷേന് ഓഫ് ട്രീസ് ആക്ട് എന്നിവ പ്രകാരം സര്‍ക്കാര്‍ പതിച്ചുനല്‍കിയ റവന്യൂ പുറമ്ബോക്ക് ഭൂമിയിലെ ‘രാജകീയ വൃക്ഷങ്ങള്‍’ എന്നറിയപ്പെടുന്ന തേക്ക്, ചന്ദനം, കരിങ്ങാലി, ഈട്ടി എന്നിവ മുറിക്കാന്‍ ഭൂ ഉടമക്ക് അധികാരമില്ല. ഇത് പാടെ അവഗണിച്ചാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് 2020 ഒക്ടോബര്‍ 24 ന് ഉത്തരവിറക്കിയത്.
കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതും കിളിര്‍ത്ത് വന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസര്‍വ് ചെയ്ത ചന്ദനം ഒഴികെ മരങ്ങള്‍ മുറിക്കുന്നതിന് ആരുടെയും അനുവാദം വേണ്ടെന്നായിരുന്നു ഉത്തരവ്. റേഞ്ച് ഓഫീസറായ ജോജി അടിമാലി റേഞ്ചില്‍നിന്ന് 62 പാസും അധിക ചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചില്‍ നിന്ന് 92 പാസുമാണത്രെ അനുവദിച്ചത്. വിവാദ ഉത്തരവ് പിന്‍വലിച്ചശേഷവും ഇയാള്‍ മരം മുറിച്ച് കടത്താന്‍ അഞ്ച് പാസ് അധികമായി അനുവദിച്ചു. ഇതുവഴി സര്‍ക്കാറിന് 8.36 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മരംമുറി അന്വേഷിച്ച ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നേര്യമംഗലം റേഞ്ചില്‍നിന്ന് 56 പെര്‍മിറ്റും റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെ ജോജി അനുവദിച്ചതായി തെളിഞ്ഞു. ഉത്തരവ് പിന്‍വലിച്ചശേഷം അടിമാലി റേഞ്ചില്‍നിന്ന് 18 ഓളം പെര്‍മിറ്റും നേര്യമംഗലത്ത് 44 പെര്‍മിറ്റും അനുവദിച്ചു. കര്‍ശന അച്ചടക്ക നടപടി വേണമെന്ന അഡീഷനല്‍ പി.സി.സി.എഫിെന്റ (വിജിലന്‍സ്) ശുപാര്‍ശയില്‍ ജോജി ജോണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.