കോന്നി : സാധാരണയായി വനങ്ങളിൽ കാണപ്പെടുന്ന മൂട്ടിപഴങ്ങൾ കോന്നിയിലും വിളഞ്ഞു. കോന്നി ആർ വി എച്ച് എച്ച് എസ് എസ് മാനേജർ കൊച്ചുവീട്ടിൽ എൻ മനോജിന്റെ വീട്ടിലാണ് മൂട്ടിപഴങ്ങൾ കായ്ച്ചത്. പഴങ്ങൾ വിളഞ്ഞ് പാകമായിട്ടുമുണ്ട്. കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന മൂട്ടിപഴം മൂട്ടിപ്പുളി, മൂട്ടികായ്പ്പൻ, കുറുക്കൻതൂറി, മൂട്ടിതൂറി, കുന്തപ്പഴം എന്നിങ്ങനെയെല്ലാം പേരുകളിൽ അറിയപ്പെടുന്നുണ്ട്. പശ്ചിമഘട്ടത്തിലെ അപൂർവ്വ മരങ്ങളിൽപെടുന്നവയാണിത്. പഴം മരത്തിന്റെ മൂട്ടിൽ കായ്ക്കുന്നത് കൊണ്ടാണ് ഇതിന് ഈ പേര് വന്നത്. മലയണ്ണാൻ, കരടി, കുരങ്ങ് എന്നിവയുടെ ഇഷ്ട ഭക്ഷണം കൂടിയാണ് മൂട്ടിപഴങ്ങൾ. ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്.
പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. ഡിസംബർ മുതൽ ജനുവരി വരെയാണ് പൂക്കാലം. ദളങ്ങളില്ലാത്ത പൂക്കൾ ചുവന്നതാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. ഫലത്തിനു നെല്ലിക്കയുടെ വലിപ്പമുണ്ട്. വേനൽക്കാലത്താണ് ഫലം മൂപ്പെത്തുന്നത്. പഴുക്കുമ്പോൾ ഫലത്തിന്റെ നിറം കടുംചുവപ്പാണ്. ശിഖരങ്ങളിലും കായ ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി കാണുന്നത്. കായിൽ ധാരാളം ജലമുണ്ട്. പുളിപ്പും മധുരവുമുള്ള ഇതു ഭക്ഷ്യയോഗ്യമാണ്. ഇലകൾക്ക് 14 സെന്റീമീറ്റർ നീളവും 7 സെന്റീമീറ്റർ വീതിയും ഉണ്ടാകും. കോന്നി ആലുവാങ്കുടി ക്ഷേത്രത്തിലേക്ക് പോകുന്ന വന പാതകളിൽ മൂട്ടിപഴങ്ങൾ ധാരാളം കാണുവാൻ സാധിക്കും.