കോഴഞ്ചേരി : മുട്ടുമണ്‍ – ചെറുകോല്‍പ്പുഴ റോഡിന്റെ നിര്‍മാണം വിലയിരുത്തി ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥലം സന്ദര്‍ശിച്ച മന്ത്രി പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ഈ റോഡിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ചെറുകോല്‍പ്പുഴ, മാരാമണ്‍ കണ്‍വെന്‍ഷന്‍ സമയത്ത് വളരെയധികം ആളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. ആറന്മുള മണ്ഡലത്തില്‍ നിന്ന് റാന്നി മണ്ഡലത്തെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണ്. ഗ്രാമീണ റോഡായതുകൊണ്ട് തന്നെ പ്രദേശവാസികള്‍ക്ക് റോഡ് വികസനം ഏറെ ഗുണം ചെയ്യും. ചരല്‍ക്കുന്ന്, അരുവിക്കുഴി ടൂറിസം സെന്റര്‍ എന്നീ പ്രദേശങ്ങള്‍ തൊട്ടടുത്താണ്. അരുവിക്കുഴിയിലെ വികസന പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നുണ്ട്. കോയിപ്രം, തോട്ടപ്പുഴശേരി എന്നീ പഞ്ചായത്തുകളിലൂടെ അയിരൂര്‍ പഞ്ചായത്തിലെത്തുന്ന അത്യാധുനിക രീതിയിലുള്ള റോഡ് വികസനമാണ് ലക്ഷ്യമിടുന്നത്.
പത്തനംതിട്ട ജില്ലയിലെ പ്രധാന സംസ്ഥാന പാതയായ തിരുവല്ല – കുമ്പഴ റോഡിലെ മുട്ടുമണ്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന കുമ്പനാട് – ചെറുകോല്‍പ്പുഴ റോഡ്, ചെട്ടിമുക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പറപ്പുഴ ക്രോസ് റോഡ്, മാരാമണ്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന കുറിയന്നൂര്‍ – മാരാമണ്‍ റോഡ് എന്നീ മൂന്ന് റോഡുകളെ ബന്ധിപ്പിച്ചു കൊണ്ട് 10.5 കിലോമീറ്റര്‍ നീളത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിക്കുന്ന റോഡാണിത്. റോഡ് പ്രവൃത്തികള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കാലങ്ങളായി അടിസ്ഥാന വികസനം എത്തിച്ചേരാതിരുന്ന പ്രദേശവാസികള്‍ക്ക് ഈ റോഡിന്റെ ആധുനിക നിലവാരത്തോടെയുള്ള നിര്‍മാണത്തോടുകൂടി പുതിയ വികസനമുഖമാണ് നാടിന് വന്നു ചേരുന്നത്.
ഈ മൂന്നു റോഡുകളിലെ പല ഭാഗങ്ങളിലുള്ള അപകടാവസ്ഥയിലുള്ള കലുങ്കുകള്‍ പുനര്‍നിര്‍മിക്കുകയും ഓടകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവ നിര്‍മിക്കുകയും ചെയ്യും. കൂടാതെ റോഡിലൂടെയുള്ള സുഗമമായ യാത്രയ്ക്കും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡിന്റെ ഉപരിതലം ഉയര്‍ത്തി ബിഎം ആന്‍ഡ് ബിസി ചെയ്ത് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എസ്. അജിത, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍, തിരുവല്ല റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി. വിനു, എ.എക്‌സ്.ഇ ബിജി തോമസ്, എഇ പി.എം. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.