ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിന്റെ വ്യത്യസ്ത രീതികൾ പിന്തുടരുന്നവയാണ്. ഓരോ നിക്ഷേപ രീതിക്കും അതിന്റേതായ ഗുണങ്ങളുണ്ട്. മികച്ച മാർജിനുള്ള, സുരക്ഷിതമായ ഓഹരികൾ ഇഷ്ടപ്പെടുന്ന ദീർഘകാല നിക്ഷേപകർക്ക് മൂല്യ നിക്ഷേപം പ്രധാനമായും അനുയോജ്യമാണ്. മൂല്യ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഇക്വിറ്റി വിപണയിലെ ‘മറഞ്ഞിരിക്കുന്ന രതനങ്ങളെ’ കണ്ടെത്താനാണ്. മൂല്യമുള്ള ഓഹരികളുടെ യഥാർത്ഥ സാധ്യതകൾ വിപണി തിരിച്ചറിയുമ്പോൾ, അവയുടെ വില കുതിച്ചുയരുകയും നിക്ഷേപകർക്ക് ആകർഷകമായ നേട്ടങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, വാല്യൂ സ്റ്റോക്കുകളുടെ ഭാവി സാധ്യതകളുടെ പ്രയോജനം ലഭിക്കുന്നതിന്, പോർട്ട്ഫോളിയോ നിർമ്മിക്കുമ്പോൾ മാർഗ്ഗനിർദ്ദേശ തത്വങ്ങളോട് ചേർന്നു നിൽക്കുന്ന ഒരു മൂല്യ ഫണ്ട് തിരഞ്ഞെടുക്കേണ്ടത് അത്യവശ്യമാണ്.
ഐസിഐസിഐ പ്രൂ വാല്യൂ ഡിസ്കവറി ഫണ്ട്, വിവിധ മാർക്കറ്റ് ഘട്ടങ്ങളിലും സൈക്കിളുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച അത്തരത്തിലുള്ള ഒരു വാല്യൂ ഫണ്ടാണ്. ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യു ഡിസ്കവറി ഫണ്ടിന്, ഒരു മൂല്യ നിക്ഷേപ തന്ത്രത്തെ പിന്തുടരുന്നതിനാൽ ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിയായ വിഭാഗങ്ങളിലും കുറഞ്ഞത് 65% ആസ്തി നിക്ഷേപം നടത്തേണ്ടതുണ്ട്. അതിനാൽ, ഈ ഫണ്ട് ന്യായമായ മൂല്യനിർണ്ണയത്തിന് ഗണ്യമായ കിഴിവിൽ ഉയർന്ന സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപിക്കാൻ ശ്രമിക്കുന്നു.വിവിധ മേഖലകളിലുടനീളവും മാർക്കറ്റ് ക്യാപിറ്റലൈസേഷനുകളിലും നിക്ഷേപിക്കാനുള്ള സൗകര്യം ഫണ്ടിനുണ്ട്. ഡിവിഡന്റ് വരുമാനവും മൂലധന മൂല്യനിർണ്ണയവും സംയോജിപ്പിച്ച്, പ്രധാനമായും മൂല്യമുള്ള സ്റ്റോക്കുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ നിക്ഷേപിച്ച് വരുമാനം സൃഷ്ടിക്കാൻ സ്കീം ശ്രമിക്കുകയാണ് ഈ ഫണ്ടിന്റെ നിക്ഷേപ ലക്ഷ്യം.
ഈ ഫണ്ട് ആരംഭിച്ച് ഇന്നുവരെ നിക്ഷേപകർക്ക് 19.7% റിട്ടേൺ നൽകിയിട്ടുണ്ട്. നിഫ്റ്റി 500 വാല്യൂ 50 ടോട്ടൽ റിട്ടേൺ സൂചിക പിന്തുടരുന്ന ഒരു ഓപ്പൺ-എൻഡഡ് ഫണ്ടാണിത്. പൊതുവെ 5 സ്റ്റാർ റേറ്റിംഗ് ഉള്ള ഈ ഫണ്ടിന്റെ മാനേജർ ശങ്കർ നരേൻ ആണ്. ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യൂ ഡിസ്കവറി ഫണ്ടിന് കീഴിൽ നിലവിൽ മെയ് 31 വരെയുള്ള കണക്കനുസരിച്ച് 29319.24 കോടി രൂപയുടെ എയുഎം ഉണ്ട്. നിലവിൽ ഈ വിഭാഗത്തിലെ 18 ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഫണ്ട്, 5 വർഷത്തിനിടെ മികച്ച വരുമാനം നൽകിയിട്ടുണ്ട്. അഞ്ച് വർഷത്തിനിയെ എസ്ഐപിയായി നിക്ഷേപിച്ചവർക്ക് ഫണ്ട് 27.57% റിട്ടേൺ നൽകിയിട്ടുണ്ട്. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. എസ്ഐപിയിലൂടെ ഏറ്റവും കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് തുടങ്ങാവുന്നതുമാണ്. നിക്ഷേപം ആരംഭിച്ച് 1 വർഷത്തിനുള്ളിൽ റിഡീം ചെയ്താൽ 1% എക്സിറ്റ് ലോഡ് നൽകേണ്ടിവരും.
ഫിനാൻഷ്യൽ, എനർജി, ഹെൽത്ത്കെയർ, ടെക്നോളജി എന്നിങ്ങനെ 15 സെക്ടറുകളിലായി 81 ഹോൾഡിംഗുകൾ ഈ ഫണ്ടിനുണ്ട്. സൺ ഫാർമസ്യൂട്ടിക്കൽസ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഇൻഫോസിസ് എന്നിവയാണ് ഫണ്ടിന്റെ ഏറ്റവും മികച്ച ഹോൾഡിംഗുകൾ. അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വരുമാനം കൂടുതൽ പ്രവചിക്കാവുന്നതാണെന്ന് ഉറപ്പാക്കുന്നതിനും ഏറ്റവും കുറഞ്ഞത് 3 വർഷത്തേക്ക് ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യൂ ഡിസ്കവറി ഫണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. സെബിയുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഐസിഐസിഐ പ്രുഡൻഷ്യൽ വാല്യൂ ഡിസ്കവറി ഫണ്ടിലെ നിക്ഷേപം വളരെ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിന് കീഴിലാണെന്ന് നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കണം.