മൂവാറ്റുപുഴ : മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് ഇനിയും പണം ലഭിച്ചില്ല. കരാര്‍ ഏറ്റെടുത്തവരില്‍ പലര്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാതെ വന്നതോടെ ഇവര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പറയുന്നു.
ഏഴുവര്‍ഷം മുമ്ബ് ആരംഭിച്ച ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തവരില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കാനുള്ളത് മൂന്ന് കോടിയാണ്. ഈ പണം തിരികെ കിട്ടാന്‍ വേണ്ടി കരാറുകാരന് കോടതിയെ സമീപിച്ചിരിക്കുകയാണ്. ലഭിക്കാനുള്ള തുകയ്ക്ക് പകരം കെ.എസ്.ആര്.ടി.സിയുടെ സ്വത്ത് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത കരാറുകാരന് പണം ലഭിക്കാതെ വന്നതോടെ പിന്മാറിയിരുന്നു. പിന്നീട് വന്നയാളുടെ ഗതിയും ഇതുതന്നെയായിരുന്നു. സഹികെട്ട കരാറുകാര്‍ ഗതാഗതമന്ത്രിയുടെ അടക്കം ഓഫിസുകളില്‍ കയറിയിറങ്ങി തുക നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ഇതിനിടെ കെ.എസ്.ആര്.ടി.സിയുടെ മൂവാറ്റുപുഴ ഡിപ്പോയുടെ ഭാഗമായ ഭൂമി റോഡ് വികസനത്തിനായി കെ.എസ്.ടി.പി ഏറ്റെടുക്കുകയും 1.80 കോടി നഷ്ടപരിഹാരം നല്‍കുകയും ചെയ്തെങ്കിലും സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ കരാറുകാര്‍ക്ക് നല്‍കാനോ തയാറായില്ല. ഫണ്ട് കെ.എസ്.ആര്.ടി.സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയായിരുന്നു.
2014- നവംബറിലാണ് പഴയ ബസ്സ്റ്റാന്‍ഡ് പൊളിച്ച് പുതിയ കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുനല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു നിര്‍മാണം ആരംഭിച്ചത്.
ഇതിനിടെ ലക്ഷങ്ങള്‍ മുന്‍കൂറായി നല്കി മുറികള്‍ ലേലം വിളിച്ചെടുത്തവരും മുറിയോ അല്ലെങ്കില്‍ നല്കിയ പണമോ ആവശ്യപ്പെട്ട് രംഗത്തുണ്ട്. കരാറുകാരുടെ പ്രശ്നങ്ങള്‍ അടക്കം നിലനില്‍ക്കുന്നതിനിടയാണ് 1.50 കോടി ചെലവില്‍ നിര്‍മിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണം ഹാബിറ്റാറ്റിനെ ഏല്പിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്.