തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മില്ലന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎമ്മിനും സര്‍ക്കാരിനും എതിരെ വന്‍തോതില്‍ കള്ള പ്രചാരണം നടക്കുന്നു. കള്ളമാണെന്ന് ഉറപ്പുള്ള കാര്യം വിളിച്ച് പറയുക വാര്‍ത്തയാക്കുക, ചര്‍ച്ച ചെയ്യുക ഇതാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ ഉന്നതനേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസില്‍ രണ്ട് ദിവസം ചെലവിട്ട് സമ്പന്നരില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അതില്‍ രണ്ടുകോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തിയതിന് താന്‍ സാക്ഷി ആയിരുന്നുവെന്നും ജി. ശക്തിധരന്‍ ആരോപിച്ചിരുന്നു. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറില്‍ ഉണ്ടായിരുന്നുവെന്നും ശക്തിധരന്‍ പറഞ്ഞിരുന്നു.