കോട്ടയം: സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട പ്രതിപക്ഷ പരിഹാസത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. മാനനഷ്ടക്കേസുമായി നടക്കാതെ മുഖ്യമന്ത്രിക്കു വേറെ പണിയുണ്ടെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. എല്ലാവരും ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ലെന്ന ഉറപ്പ് പാര്‍ട്ടിക്കുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ 21-ാം ദിനം കോട്ടയത്ത് മാധ്യമങ്ങളെ കാണുമ്പോഴാണ് ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്.
‘മാനനഷ്ടക്കേസുമായി നടക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താനായി നിങ്ങള്‍ ആയിരം പ്രാവശ്യം ശ്രമിച്ചാലും ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ല. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ട്.’ – ഗോവിന്ദന്‍ പറഞ്ഞു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിപിഎമ്മിന് ഒന്നും ഭയക്കാനില്ലെന്നും ഗോവിന്ദന്‍ വിശദീകരിച്ചു. ”ഞങ്ങള്‍ക്കിതിയില്‍ ഒരു പ്രശ്‌നവുമില്ല.
ഒരു ചുക്കും ഇതിലില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വപ്ന ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തുകാര്‍ക്കെതിരെ എടുത്ത കേസില്‍ ഞങ്ങള്‍ക്കെന്താണ് പ്രശ്‌നം? ഞങ്ങള്‍ അതില്‍ എന്തിന് ഇടപെടണം? കേന്ദ്ര സര്‍ക്കാരിന്റെയല്ലേ കേസ്? ഇഡിയല്ലേ കേസെടുത്തത്? അതില്‍ ഞങ്ങള്‍ക്കെന്ത് ഭയപ്പെടാന്‍. മടിയില്‍ കനമുണ്ടെങ്കിലേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂവെന്ന് പിണറായി ആദ്യമേ പറഞ്ഞിട്ടുണ്ട്. അത് വെറുതെ പറഞ്ഞതൊന്നുമല്ല. ശരി തന്നെയാണ്.’ – ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.