കണ്ണൂര്‍:ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് സിപിഎമ്മായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിന് ലഭിക്കുന്ന ഒരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകും. വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല വിജയംനേടും.നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫ് നേടുന്ന സീറ്റ് വലിയ കരുത്താകും. ഭരണഘടനപോലും സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്. ഭരണ സംവിധാനങ്ങളെ വര്‍ഗീയത ഗ്രസിച്ചു. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്‌എസ് പിടിമുറുക്കി. ആര്‍എസ്‌എസിന്റെ നൂറാംവാര്‍ഷികത്തില്‍ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്. ബിജെപിയെ എതിര്‍ക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കണം. എല്‍ഡിഎഫ് അടിത്തറ വിപുലീകരിക്കുകയെന്നാല്‍ മറുപക്ഷത്തെ കക്ഷികളെ കൊണ്ടുവരികയെന്നല്ല. ജനപിന്തുണ വര്‍ധിപ്പിക്കുകയാണ്. യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ല. ആ പാര്‍ടികളില്‍ പ്രവര്‍ത്തിക്കുന്നവരെക്കൂടി എല്‍ഡിഎഫിന്റെ ഭാഗമാക്കും.
വിഴിഞ്ഞം പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സര്‍ക്കാര്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. എന്നാല്‍, ആവിക്കരയിലെ സമരം വ്യത്യസ്തമാണ്. അതിനുപിന്നില്‍ തീവ്രവാദ ശക്തികളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. കേരള മോഡലെന്നത് അര്‍ഥവത്താക്കും. മുതലാളിത്ത സമൂഹത്തില്‍ ബദല്‍ വികസന മാതൃക കൈകാര്യം ചെയ്യുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രനും പങ്കെടുത്തു.