കണ്ണൂര്‍ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവാദ നായകനാകാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഗവര്‍ണറുടെത് യജമാന ഭൃത്യ-രാഷ്ട്രീയമാണ്. ഗവര്‍ണര്‍ പദവിയെക്കാള്‍ വലിയൊരു പദവിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ സ്വപ്നം കാണുന്നതെന്നും ജയരാജന്‍ പറഞ്ഞു.
സംഘപരിവാറിന്‍റെ രാഷ്ട്രീയമാണ് ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഗവര്‍ണറെ കേന്ദ്രം നിയമിച്ചത്. ജനങ്ങളെ അണിനിരത്തി ഇതിനെതിരെ പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ചാന്‍സിലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. വി.സിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും. കൂടാതെ സര്‍ക്കാര്‍ പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനേയും ഉള്‍പ്പെടുത്താനാണ് തീരുമാനം.
സമിതി കണ്‍വീനര്‍,സര്‍ക്കാര്‍, സിന്‍ഡിക്കേറ്റ്,ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുടെ ബലത്തില്‍ സര്‍ക്കാരിന് സമിതിയില്‍ മേല്‍ക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നല്‍കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ട് വരുന്നുന്നുണ്ട്. ഇതോടെ വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയും.