കണ്ണൂര്‍: എല്‍ ഡി എഫില്‍ നിന്ന് കക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്ന ചിന്തന്‍ ശിബിര്‍ പ്രസ്താവനയെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ആര്‍ക്കും സ്വപ്നം കാണാം. എന്നാല്‍ എല്‍ഡിഎഫില്‍ നിന്ന് ആരെയും കിട്ടാന്‍ പോകുന്നില്ല. എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. കെപിസിസി പ്രസിഡന്റ് തന്നെ ബി ജെ പിയിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണെന്നും എം വി ജയരാജന്‍ പരിഹസിച്ചു. വടകര എം എല്‍എ കെ കെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതില്‍ സി പി എമിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രമക്കെതിരെ ഒരിക്കലും ഭീഷണി ഉണ്ടാകാന്‍ പാടില്ല. അതിന് പിന്നില്‍ ആരായിരുന്നാലും അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി പാനുണ്ടയില്‍ ഹൃദയസ്തംഭനം മൂലം ഒരാള്‍ മരിച്ചത് കൊലപാതകമാക്കി മാറ്റാനുള്ള ഹീനശ്രമം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ബോധപൂര്‍വ്വവും ആസൂത്രിതവുമായ കലാപ ശ്രമത്തിന്റെ നേര്‍ ചിത്രമാണ് ഇത്. ബാലസംഘം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ ബി ജെ പിക്കാര്‍ മദ്യപിച്ച് വന്ന് പകല്‍ സമയത്ത് നശിപ്പിക്കുകയായിരുന്നു. വീണ്ടും കെട്ടിയെങ്കിലും വീണ്ടും നശിപ്പിച്ചു. സമ്മേളനം അവസാനിച്ച സമയത്ത് സ്ഥലത്ത് വന്ന് കുട്ടികളെ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ എസ് എഫ് ഐ ബാലസംഘം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു എന്നും എം വി ജയരാജന്‍ ആരോപിച്ചു.