കൊച്ചി : മോട്ടോര്‍ വാഹന വകുപ്പിലും ഉടായിപ്പ് നിയമനം… അഞ്ചുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ചയാളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസറാക്കാന്‍ ശ്രമം. മോട്ടോര്‍ വാഹനവകുപ്പിന്റ സേഫ് കേരള പദ്ധതിയിലാണ് വഴിവിട്ട നിയമനത്തിന് നീക്കം നടത്തുന്നത്. അഞ്ചുവര്‍ഷം മുമ്പ് ആര്‍.ടി.ഒ ആയി വിരമിച്ച സുനില്‍ ബാബുവിനെ റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ആരംഭിച്ച സേഫ് കേരള പദ്ധതിയുടെ നിലവിലെ നോഡല്‍ ഓഫീസറാക്കാന്‍ നീക്കം നടക്കുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസറാക്കാനാണ് ശ്രമം . ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറിയുടെ ഓഫീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സേഫ് കേരള പദ്ധതിയുടെ നിലവിലെ നോഡല്‍ ഓഫീസര്‍ ആലപ്പുഴ ആര്‍.ടി.ഒ ആണ്. പദ്ധതിക്ക് മുഴുവന്‍സമയ നോഡല്‍ ഓഫീസര്‍ വേണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റ മറപിടിച്ചാണ് ഇഷ്ടക്കാരനെ തിരുകിക്കയറ്റാന്‍ ചരടുവലി തുടങ്ങിയത്. സ്ഥിരം തസ്തിക സൃഷ്ടിക്കുക എളുപ്പമല്ലാത്തതിനാല്‍ താല്‍ക്കാലിക നിയമനമെന്ന നിയമപരമായ കുറുക്കുവഴിയിലൂടെയാണ് നീക്കം. നോഡല്‍ ഓഫീസറാകാന്‍ യോഗ്യതയുള്ള നിരവധി ഉദ്യോഗസ്ഥര്‍ വകുപ്പില്‍ ഉള്ളപ്പോള്‍ വന്‍തുക ശമ്പളം കൊടുത്ത് പുറത്തുനിന്ന് ഒരാളെ നിയമിക്കണോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഗതാഗത സെക്രട്ടറിയുടെ ഓഫീസ് ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള നോഡല്‍ ഓഫീസറുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഈ കത്തിലുണ്ട്.