തിരുവനന്തപുരം: വിഷുവിനും ഈസ്റ്ററിനും അന്യസംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്ന മലയാളികൾക്ക് ഏറെയും ആശ്രയിക്കുന്നത് അന്യസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെയാവും. ട്രെയിനിലും, കെ എസ് ആർ ടി സി ബസുകളിലും ആഴ്ചകൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നുപോകുന്നതിനാൽ സ്വകാര്യ ബസുകളെ മാത്രമേ ആശ്രയിക്കാൻ കഴിയുകയുള്ളു. എന്നാൽ ഉത്സവ വേളകളിൽ നാട്ടിലേക്ക് തിരിക്കുന്ന യാത്രക്കാരിൽ നിന്നും ബസ് ഓപ്പറേറ്റർമാർ അമിത തുക ടിക്കറ്റിനായി വാങ്ങുന്ന പതിവുണ്ട്.
ഇത്തരത്തിൽ അമിതചാർജ് ഈടാക്കുന്ന അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഗതാഗത വകുപ്പ് മന്ത്രി മോട്ടോർവാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ആർ ടി ഒ, എൻഫോഴ്സ്‌മെന്റ് ആർ ടി ഒമാർക്കും പരിശോധന ശക്തമാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.അമിത ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ആർ ടി ഓ മാരുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പരാതി അയക്കാവുന്നതാണ്. ഈ നമ്പരുകൾ ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിഷു ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്നും അമിതചാർജ്ഈടാക്കുന്ന അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുവാൻ ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകി. ആയതിൻറെ അടിസ്ഥാനത്തിൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വികരിക്കുന്നതിനു എല്ലാ ആർ ടി ഓ, എൻഫോഴ്സ്മെന്റ് ആർ ടി ഓ മാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. അമിത ചാർജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മോട്ടോർ വാഹന വകുപ്പിൻറെ വെബ്സൈറ്റിൽ ലഭ്യമായ ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ആർ ടി ഓ മാരുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയയ്ക്കാവുന്നതാണ്. വാഹന പരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുന്നതുൾപ്പടെ കർശന നടപടി സ്വീകരിക്കുന്നതാണ്.