ആലപ്പുഴ : തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള അറിവും പ്രധാനമാണെന്ന് വനിതാ – ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിൽ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം 2013, ലിംഗസമത്വം – സമകാലിക വീക്ഷണം എന്നീ വിഷയങ്ങളിൽ ആലപ്പുഴ ബീച്ചിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഘടിപ്പിച്ച സെമിനാര്‍ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശന ഭായി ഉദ്ഘാടനം ചെയ്തു.
സ്ത്രീ സംരക്ഷണത്തിനായി കൊണ്ടുവന്ന പോഷ് (പോളിസി ഫോർ പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ് മെന്റ്) ആക്ട് അടക്കമുള്ള നിയമങ്ങൾ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് സുദര്‍ശനഭായി പറഞ്ഞു. വളർന്നു വരുന്ന തലമുറയെ ലിംഗ സമത്വത്തെക്കുറിച്ച് പഠിപ്പിക്കേണ്ടത് ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്തമാണ്. സ്ത്രീയും പുരുഷനും ചേരുന്നതാണ് കുടുംബത്തിന്റെ ശക്തിയെന്ന് ബോധ്യം കുട്ടികളില്‍ ഉണ്ടാകണം. തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിയമ സഹായത്തോടെ പരിഹരിക്കാൻ സ്ത്രീകൾ പ്രാപ്തരാകണം. പരാതിക്കാരുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പാക്കുന്ന പോഷ് നിയമത്തെക്കുറിച്ച് കൃത്യമായ ധാരണ സ്ത്രീകൾക്ക് ഉണ്ടായാൽ തൊഴിലിടങ്ങളിലെ ചൂഷണം ഒരു പരിധിവരെ തടയാൻ സാധിക്കുമെന്ന് വിഷയാവതരണം നടത്തിയ അഡ്വ.പി.എസ് പ്രദീപ് പറഞ്ഞു.
ലോക്കൽ കംപ്ലയിന്റ് കമ്മിറ്റി ചെയർമാൻ അഡ്വ.സീമ രവീന്ദ്രൻ, അംഗം അഡ്വ.അപർണ സി നായർ എന്നിവർ സെമിനാറിൽ ക്ലാസുകൾ നയിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൽ.ഷീബ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷ്മി, വനിതാ സംരക്ഷണ ഓഫീസർ ആർ.സൗമ്യ, ഐ.സി.ഡി.എസ് സെൽ സീനിയർ സൂപ്രണ്ട് ഇ.അബ്ദുൽ റഷീദ്, ജില്ല അർബൻ സി.ഡി.പി.ഒ പിവി ഷേർലി, മഹിളാ മന്ദിരം സുപ്രണ്ട് ജി.ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.