പത്തനംതിട്ട : മൈലപ്ര സഹകരണബാങ്ക് പ്രസിഡന്റായിരുന്ന ജെറി ഈശോ ഉമ്മനും കുടുംബവും ബാങ്കിൽ നിന്നെടുത്ത 2.12 കോടിയുടെ വായ്പ തിരിച്ചടച്ചില്ല. 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരവേയാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പുറത്തുവന്നത്. ദീർഘകാലം മൈലപ്ര സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന ജെറി ഈശോ ഉമ്മനും കുടുംബാംഗങ്ങൾക്കുമായുള്ളത് 2.12 കോടി രൂപയുടെ വായ്പയാണ്. സ്വന്തം പേരിലും ഭാര്യ, രണ്ട് മക്കൾ, മരുമക്കൾ എന്നിവരുടെ പേരുകളിലും വായ്പയുണ്ട്. എട്ട് വായ്പകളാണ് ജെറി ഈശോ ഉമ്മന്റെ കുടുംബത്തിലുള്ളത്. ഇവ തിരിച്ചടച്ചില്ല. 1,71,87,652 രൂപയുടെ വായ്പയും 40,28,927 പലിശയും ചേർത്ത് 2,12,15,579 രൂപയുടെ ബാധ്യതയാണ് ഇവർക്കായുള്ളത്. മുൻ സെക്രട്ടറിക്കുള്ളത് 18.83 കോടിയുടെ ബാധ്യത. മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനും കുടുംബാംഗങ്ങൾക്കും കൂടി ബാങ്കിലുള്ള വായ്പാ ബാധ്യത 18,88,34,472 കോടി രൂപയുടേതാണ്. 28 വായ്പകളാണ് ജോഷ്വായും കുടുംബാംഗങ്ങളുമായി എടുത്തിരിക്കുന്നത്.
ജോഷ്വാ മാത്യുവിന്റെ പേരിൽ ജീവനക്കാരനെന്ന നിലയിൽ 2,98,701 രൂപയുടെ വായ്പയുണ്ട്. ഇതിന് 29,870 രൂപ പലിശയും ചേർത്ത് അടയ്ക്കാനുള്ളത് 3,28,571 രൂപയാണ്. ഭവനവായ്പയായി 5,14,235 രൂപ എടുത്തിരുന്നു. ഇതിന് 2,48,153 രൂപ പലിശ കൂടി ചേർത്ത് 7,62,388 രൂപ ബാധ്യതയായി നിലനിൽക്കുന്നു. പിതാവ്, ഭാര്യ രണ്ട് പെൺമക്കൾ, സഹോദരങ്ങൾ, ഭാര്യ സഹോദരി, അടുത്ത ബന്ധു എന്നിവർക്കെല്ലാം കൂടി 1,59,34,502 രൂപയാണ് വായ്പയായി ബാങ്ക് അനുവദിച്ചത്. ഇതിന് 28,99,970 രൂപ പലിശയുണ്ട്. വായ്പയുമായി ബന്ധപ്പെട്ട് ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയിരുന്നു. വായ്പ എടുത്തിട്ടുണ്ടെന്നുള്ളത് ബന്ധുക്കൾ സമ്മതിച്ചെങ്കിലും കണക്കിൽ പറയുന്ന തുക തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം.