പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ (മണ്ണാരക്കുളഞ്ഞി) നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെസ്സി വര്‍ഗീസിന് ഡി.സി.സിയില്‍ സ്വീകരണം നല്കി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ജെസ്സി വര്‍ഗീസിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല, മാര്‍ട്ടില്‍ എന്നിവര്‍ പങ്കെടുത്തു. ജെസ്സി വര്‍ഗീസിന്റെ ഭൂരിപക്ഷത്തോടെയുളള തിളക്കമാര്‍ന്ന വിജയം ജനവിരുദ്ധ സര്‍ക്കാരിനുളള മുന്നറിയിപ്പും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മൈലപ്രാ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിച്ച അഞ്ചാം വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം നന്ദി രേഖപ്പെടുത്തി. ജെസ്സി വര്‍ഗീസിന്റെ വിജയം പഞ്ചായത്തില്‍ ഭരണമാറ്റത്തിന് വഴി തുറന്നിരിക്കുകയാണെന്ന് സാമുവല്‍ കിഴക്കുപുറം പറഞ്ഞു. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എല്‍.ഡി.എഫിലെ ചന്ദിക സുനിലിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിന്റെ കുത്തക സീറ്റായിരുന്ന ഇവിടെ വാശിയേറിയ ത്രികോണ മത്സരമായിരുന്നു നടന്നത്. എല്‍.ഡി.എഫിന്റെ ഷെറിന്‍ വി.ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ഥി റിന്‍സി രാജു എന്നിവരായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.