പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് പൂട്ടിക്കുവാനിറങ്ങിയ മാധ്യമപ്രവര്‍ത്തകന് മദ്യസല്‍ക്കാരം വായ്പാ കുടിശ്ശികക്കാരുടെ വക. ദിവസേന രഹസ്യ സങ്കേതത്തില്‍ ഒത്തുകൂടി ഓസിനു കള്ളും കുടിച്ചിട്ടായിരുന്നു “അയാള്‍ കഥയെഴുതിയത് “. ഓരോ ദിവസവും ഇയാളും ശിങ്കിടികളും പുതിയ പുതിയ കഥകള്‍ മെനഞ്ഞുണ്ടാക്കി. മൈലപ്ര ബാങ്ക് പൂട്ടിക്കാന്‍ മാധ്യമ പ്രവര്‍ത്തകന്‍ മുന്നിട്ടിറങ്ങിയതോടെയാണ് ഇവിടുത്തെ വായ്പാ കുടിശ്ശികക്കാര്‍ ഇയാളുടെ പിന്നാലെ കൂടിയത്.
ഒരുകോടിക്ക് മുകളില്‍ ബാങ്കിന് നല്‍കുവാനുള്ള ചിലരാണ് മാധ്യമ പ്രവര്‍ത്തകനെ ദിവസേന “ചാര്‍ജ്ജ് ” ചെയ്തുകൊണ്ടിരുന്നത്. ബാങ്ക് പൂട്ടിക്കിടന്നാല്‍ തങ്ങള്‍ നല്‍കേണ്ട തുക ഉടനെയൊന്നും നല്‍കേണ്ടിവരില്ല എന്ന കണക്കുകൂട്ടലില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ക്ക് കള്ളും ചിക്കനും വാങ്ങിക്കൊടുത്ത ഇനത്തിലും ഇവര്‍ക്ക് പണം നഷ്ടപ്പെട്ടിരിക്കുകയാണ്. കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട്ടുപടിക്കലേക്ക് എത്തുമെന്ന് ബാങ്ക് പ്രസിഡണ്ടും വ്യക്തമാക്കിക്കഴിഞ്ഞതോടെ ആകെ പെട്ടിരിക്കുകയാണ് ഇവര്‍.
ഇയാള്‍ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. വ്യക്തി വിരോധം തീര്‍ക്കുവാന്‍ മൈലപ്രയിലെ പ്രധാന സ്ഥാപനമായ സഹകരണ ബാങ്ക് പൂട്ടിക്കുവാന്‍ തുനിഞ്ഞതിനെതിരെ പലരും ഇയാളോട് നേരിട്ട് ചോദിച്ചുവെങ്കിലും മൌനം പാലിക്കുകയായിരുന്നു ഇയാള്‍. മൈലപ്ര സഹകരണ ബാങ്കില്‍ വലിയ തുകകള്‍ നിക്ഷേപിച്ചവര്‍ നിരവധിയാണ്. ഇവര്‍ സംഘടിച്ച് ബാങ്ക് ഭരണസമിതിക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറെടുക്കുകയാണ്.
തങ്ങളുടെ നിക്ഷേപം നഷ്ടപ്പെടാതെ തിരികെ ലഭിക്കണമെങ്കില്‍ മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് നിലനിന്നേ മതിയാകൂ എന്നാണ് ഇവരുടെ പക്ഷം. ബാങ്കില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സഹകരണ വകുപ്പ് അന്വേഷിക്കുകയും നടപടി എടുക്കുകയും വേണമെന്നും ഇവര്‍ പറയുന്നു. “കള്ളിന് പകരം എഴുത്ത് ” ഇനിയും തുടര്‍ന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലേക്കും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കും തങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും നിക്ഷേപകര്‍ പറഞ്ഞു.