പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കണമെന്ന് നിക്ഷേപകര്‍. ഈ ബാങ്ക് ക്ലാസ് ഒന്ന് വിഭാഗത്തില്‍ സ്പെഷ്യല്‍ ഗ്രേഡിലായിരുന്നു. എന്നാല്‍ 2018 – 2019 ലെ ഓഡിറ്റില്‍ ബാങ്കിന്റെ ഈ ഗ്രേഡ് നഷ്ടപ്പെട്ടു. ക്ലാസ്സ് മൂന്നിലേക്കാണ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ചെന്നെത്തിയത്. 2019 ഏപ്രില്‍ ഒന്നു മുതല്‍ ക്ലാസ് ഒന്ന് വിഭാഗത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും ബാങ്കിലെ ജീവനക്കാര്‍ കൈപ്പറ്റുകയായിരുന്നു. ഈ കാലത്തിനിടയില്‍ ചിലര്‍ വിരമിച്ചിട്ടുണ്ട്. ഇവരും അര്‍ഹതയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് കൈപ്പറ്റിയത്.
2019 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31വരെയുള്ള 36 മാസങ്ങളിലായി മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു മാത്രം അനധികൃതമായി കൈപ്പറ്റിയത് 2,340,000 രൂപയാണ്. (ഇരുപത്തി മൂന്നു ലക്ഷത്തി നാല്‍പ്പതിനായിരം). നിലവില്‍ 15 സ്ഥിരം ജീവനക്കാരാണ് മൈലപ്ര സഹകരണ ബാങ്കിലുള്ളത്. നിലവിലുള്ള ജീവനക്കാരും വിരമിച്ചവരും അനധികൃതമായി കൈപ്പറ്റിയ തുക ഏകദേശം ഒന്നര കോടിയിലധികം വരും. ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ഈ തുക വളരെ വലുതാണ്. ചെറിയ നിക്ഷേപകര്‍ക്ക് നല്‍കുവാന്‍ പണമില്ലാതെബാങ്ക് വിഷമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അനധികൃതമായി കൈപ്പറ്റിയ മുഴുവന്‍ തുകയും ജീവനക്കാര്‍ തിരിച്ചടക്കണം. വിരമിച്ചവരുടെ പണം നിയമപരമായി ഈടാക്കുവാന്‍ വേണ്ട സത്വര നടപടികളും സ്വീകരിക്കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി ഇക്കാര്യത്തില്‍ അലംഭാവം തുടര്‍ന്നാല്‍ നിയമനടപടികളുമായി തങ്ങള്‍ മുമ്പോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.
ബാങ്കിലെ ഏറ്റവും കൂടിയ ശമ്പളം സെക്രട്ടറിയുടെയാണ് -140000 രൂപ. ഏറ്റവും കുറഞ്ഞ ശമ്പളം പീയൂണ്‍ 32000 രൂപ, പാര്‍ട്ട് ടൈം സ്വീപ്പെര്‍ – 11500 രൂപ. ബ്രാഞ്ച് മാനേജര്‍മാര്‍ കൈപ്പറ്റുന്നത് 66000 മുതല്‍ 78000 രൂപവരെയാണ്. ഇതെല്ലാം വന്‍ സാമ്പത്തിക ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന Class -1 Special Grade ബാങ്കുകളിലെ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളുമാണ്. ഈ കാലയളവില്‍ ഇതേ നിരക്കില്‍ മുഴുവന്‍ ആനുകൂല്യങ്ങളും കൈപ്പറ്റി രണ്ടുപേര്‍ വിരമിച്ചു. കേന്ദ്ര ഓഫീസിലെ ചീഫ് അക്കൌണ്ടന്റ് 2020 ജൂലൈയിലും ഒരു അറ്റന്‍ഡര്‍ 2021 ജനുവരിയിലും. മറ്റു ചില ജീവനക്കാരും അടുത്തുതന്നെ വിരമിക്കാന്‍ ഇരിക്കുകയാണ്.