പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ സംബന്ധിച്ച ദുരൂഹത ദിവസങ്ങൾ കഴിയുംതോറും വർദ്ധിച്ചുവരുകയും പ്രധാന പ്രതിയായ പി.പി. ദിവ്യക്ക് കോടതി ജാമ്യം നിഷേധിക്കുന്നതുവരെ അവരെ സംരക്ഷിക്കുകയും അറസ്റ്റ് നാടകമാക്കി മാറ്റുകയും ചെയ്തിട്ടും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും കുടുംബം അന്വേഷണത്തിൽ തൃപ്തരാണെന്നുമുളള സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഇക്കാര്യത്തിൽ സി.പി.എം നേതാക്കൾ തുടരുന്ന കാപട്യത്തിന്റേയും ഇരട്ടത്താപ്പിന്റേയും അവസാനത്തെ ഉദാഹരണമാണെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. എ.ഡി.എം-ന് എതിരെ ഉന്നയിച്ച അഴിമതി ആരോപണം സാധൂകരിക്കുന്നതിന് പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്തനെക്കൊണ്ട് ഉന്നത നേതാക്കൾ ഇടപെട്ട് വ്യാജ പരാതി സൃഷ്ടിച്ചിട്ടും ഇത് അന്വേഷിക്കുവാൻ തയ്യാറാകത്തത് പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും നവീൻ ബാബു തന്നെ കണ്ട് തെറ്റ് പറ്റി എന്ന് സമ്മതിച്ചതായുള്ള കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി സി.പി.എം ഉന്നതരെ തൃപ്തിപ്പെടുത്തുവാനും മരിച്ച നവീൻ ബാബുവിനെതിരായ വീണ്ടുമുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്നും മരണത്തിന് ശേഷവും കുടുംബത്തെ അവഹേളിക്കുന്നത് തുടരുന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.
നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ തിടുക്കത്തിൽ ബന്ധുക്കളുടെ സാന്നിദ്ധ്യമില്ലാതെ പി.പി. ദിവ്യയുടെ ഭർത്താവും ആരോപണം ഉന്നയിച്ച പ്രശാന്തനും ജോലി ചെയ്യുന്ന പരിയാരം മെഡിക്കൽ കോളജിൽ നടത്തിയതിനെക്കുറിച്ച് ബലമായ സംശയങ്ങൾ നവീൻ ബാബുവിന്റെ കുടുംബം ഉന്നയിക്കുമ്പോൾ പാർട്ടി കുടുംബമാണ് എന്നും പറഞ്ഞ് അടിക്കടി സന്ദർശനം നടത്തി പ്രസ്താവന നടത്തുന്നത് നവീൻ ബാബുവിന്റ കുടുംബത്തെ സമ്മർദ്ദത്തിലാക്കുന്നതിനും പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനും ആണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യയെ പാർട്ടി ഗ്രാമത്തിൽ ഒളിപ്പിച്ച് ഇത്രയും നാൾ സംരക്ഷിച്ച സി.പി.എം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് തങ്ങൾ എന്ന് വീണ്ടും വീണ്ടും പറയുന്നത് ഇരക്കും വേട്ടക്കാരനും ഒപ്പം തന്നെയാണെന്നതിന്റെ വ്യക്തമായ തെളിവാണെന്നും നവീൻ ബാബുവിന്റെ ദുരൂഹമായ മരണത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരുവാനും സി.പി.എം നേതാക്കളുടെ ബിനാമി ഇടപാടുകൾ വെളിച്ചത്ത് എത്തിക്കുവാനും ഇത് സംബന്ധിച്ച് അന്വേഷണം സി.ബി.ഐ – ക്ക് കൈമാറുവാൻ സർക്കാർ തയ്യാറാകണമെന്നും ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.