മെൽബൺ : ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ദുരൂഹതകള്‍. വിക്ടോറിയ ഗവണ്മെന്റിന്റെ ക്ഷണപ്രകാരം മെൽബണിൽ കുടുംബസമേതം എത്തിയ വീണ ജോർജ്ജ്, LDF ഭരണാന്ത്യത്തോടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുമെന്നാണ് ലഭിക്കുന്ന സൂചന. 10 മാസം കൂടിക്കഴിഞ്ഞാൽ പിണറായി സർക്കാർ അധികാരമൊഴിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ രണ്ട് പ്രാവശ്യം തുടർച്ചയായി എം.എല്‍.എ ആയവരെ വീണ്ടും മത്സരിപ്പിക്കാൻ പാടില്ലെന്ന സി.പി.എം സംസ്‌ഥാന കമ്മിറ്റി എടുത്ത തീരുമാനപ്രകാരം വീണാ ജോർജ്ജിന് മൂന്നാമതും ആറന്മുളയിൽ അവസരം ലഭിക്കില്ലെന്ന് മാത്രമല്ല, ലഭിച്ചാൽ തന്നെ വിജയിക്കാനുള്ള സാധ്യതയും തീരെയില്ല. മണ്ഡലത്തിലെ മിക്ക വികസന പരിപാടികളിലും സഖാക്കളുമായി നിസ്സഹകരണം പുലർത്തുന്ന വീണാ ജോര്‍ജ്ജ് ഇടതുപക്ഷവുമായി ഇടഞ്ഞ് നിൽക്കുകയാണെന്ന അഭ്യൂഹവും ശക്തമാണ്.
കേരളത്തിലെ ആരോഗ്യ മേഖലയിലെ മരുന്ന്, സാങ്കേതിക ഉപകരണങ്ങൾ എന്നിവയുടെ കരാറുകളിൽ ഇന്ത്യയിൽ തന്നെ പ്രവർത്തിക്കുന്ന വിദേശ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പക്കൽ നിന്നും വൻ തുക കമ്മീഷൻ ഇനത്തിൽ വീണാ ജോർജ്ജ് മന്ത്രി സ്‌ഥാനം ദുരുപയോഗപ്പെടുത്തി സമ്പാദിച്ചിട്ടുണ്ടെന്ന ആക്ഷേപം പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഉയർന്നു വരുന്നുണ്ട്. ഈ തുക ഓസ്‌ട്രേലിയയിലെ സഭ നേതൃത്വം മുഖേനയും അടുത്ത ബന്ധുക്കൾ വഴിയും ഓസ്‌ട്രേലിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും വിദേശ മലയാളികള്‍ക്കിടയില്‍ സംസാരമുണ്ട്. ഇക്കാര്യം പാര്‍ട്ടിയിലെ ചില ഉന്നതര്‍ക്കും അറിയാമെന്നാണ് വിവരം. ബിസിനസ്സ് വിസയിൽ കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുവാനും മക്കളെ ഓസ്‌ട്രേലിയയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കാനുമുള്ള സാധ്യതകൾ കാൻബറയിൽ താമസമാക്കിയ വീണ ജോർജ്ജിന്റെ അടുത്ത ബന്ധുവും തന്റെ അടുത്ത സുഹൃത്തുക്കളോട് രഹസ്യമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
കോൺഗ്രസിന്റെ പോഷക സംഘടനകളായ ഒഐസിസി, ഐഒസി പ്രവർത്തകരും, കടുത്ത സംഘ പരിവാർ അനുയായികളും, മെൽബണിലെ ഔദ്യോഗിക ഇടതുപക്ഷ സംഘടനയായ നവോദയയിൽ നിന്നും സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കിയവരുമാണ് വീണാ ജോർജ്ജിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മെൽബണിൽ ഉടനീളം സാരഥ്യം വഹിക്കുന്നത്. ഇന്ന് ഫലമറിയാൻ പോകുന്ന നിലമ്പൂർ ഇലക്ഷനിൽ സ്വരാജ് തോൽക്കുമെന്നും യുഡിഫ് സ്‌ഥാനാർതഥി ജയിക്കുമെന്നും വീണ ജോർജ്ജ് തന്നെ അവകാശപ്പെട്ടതായി അവരോടൊപ്പം നടക്കുന്നവർ പറയുന്നു.
ഇന്ന് വൈകുന്നേരം 7 മണിക്ക് ഇടതുപക്ഷ പാർട്ടി വിരുദ്ധരോടൊപ്പം മെൽബണിലെ കാരംസ് ഡൗൻ അമ്പലത്തിനടുത്തുള്ള വേൽ സ്‌പൈസ് – ശബരി ശരവണ റെസ്റ്റോറന്റിൽ – ഡിന്നർ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക സ്‌ഥാനം വഹിക്കുന്ന അവസരത്തിൽ, നിരുത്തരവാദപരമായി പാർട്ടി വിരുദ്ധർക്കൊപ്പം ഡിന്നർ നടത്തുന്നതിൽ മെൽബണിലെ ഇടതുപക്ഷ പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇന്ന് നടത്തപ്പെടുന്ന ഡിന്നർ പാർട്ടിയിൽ നിന്നും പിന്മാറാൻ അണികളോട് ആഹ്വാനം നടത്തുകയും ചെയ്തിട്ടുണ്ട്. ഡിന്നർ നടത്തുന്ന വേദി ഒരു പൊതു സ്‌ഥലം ആയതിനാൽ ആർക്ക് വേണമെങ്കിലും അവിടെ ചെല്ലാം എന്നിരിക്കെ പ്രതിഷേധവും പരിപാടി അലങ്കോലപ്പെടുത്താൻ വിവിധ കോണുകളിൽ നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് സൂചന.