തിരുവനന്തപുരം : വഖഫ് നിയമന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് മുസ്ലിം ലീഗ് എം.എല്‍.എ എന്‍.ഷംസുദ്ദീന്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നിയമഭേദഗതിയെ നിയമസഭയില്‍ ആരും എതിര്‍ത്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുക. വഖഫ് നിയമഭേദഗതിയില്‍ സഭയില്‍ ചര്‍ച്ച നടക്കവെ കോണ്‍ഗ്രസ്, ലീഗ് എം.എല്‍.എമാര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതു മറച്ചുവെച്ച് കൊണ്ടാണ് മുഖ്യമന്ത്രി തെറ്റായ പ്രസ്താവന നടത്തുന്നതെന്നും എന്‍.ഷംസുദ്ദീന് വ്യക്തമാക്കി.
വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനുള്ള ബില്‍ നേരത്തേ നിയമസഭയില്‍ പാസാക്കുകയും ഗവര്‍ണര്‍ ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നടപടിക്കെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം രംഗത്തുവരികയും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതാക്കളെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ചര്‍ച്ച നീണ്ടുപോകുകയായിരുന്നു.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന് വ്യക്തമാക്കിയതോടെ സംഘടനകള്‍ വീണ്ടും പ്രതിഷേധമുയര്‍ത്തി. പിന്നാലെയാണ് ഏപ്രില്‍ 20ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ബുധനാഴ്ച നടന്ന യോഗത്തില്‍ മുസ്ലിം സംഘടനകള്‍ ഒന്നിച്ച് എതിര്‍ത്തിരുന്നു. സംഘടനകളുടെ അഭിപ്രായം മാനിക്കുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതീക്ഷയുണ്ടെന്നും തുടര്‍നടപടിക്കായി കാത്തിരിക്കുമെന്നുമാണ് വിവിധ സംഘടന പ്രതിനിധികള്‍ യോഗത്തിനു ശേഷം പ്രതികരിച്ചത്.