കൊച്ചി : കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്. തോല്‍വി ഞെട്ടിക്കുന്നതാണെന്ന് കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍. 496 വോട്ട് രജിസ്റ്ററിലുണ്ടായിരുന്നെങ്കിലും 492 വോട്ടുകളാണ് മെഷീനുണ്ടായിരുന്നത്. ഇത് ഏകീകരിക്കാന്‍ പ്രിസൈഡിങ് ഓഫീസര്‍ നറുക്കെടുപ്പ് നടത്തുകയായിരുന്നു. പരാതി നല്‍കുന്ന കാര്യം മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എന്‍ വേണുഗോപാല്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി ഫലസൂചനകൾ പുറത്തുവരുമ്പോൾ മൂന്നു മുന്നണികൾക്കും ജയം. വർക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് 5 സീറ്റിലും പരവൂർ, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു. പാലാ നഗരസഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ്, കേരള കോൺഗ്രസ് (എം) വിജയിച്ചു. കോർപറേഷനുകളിലും എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. കൊച്ചിയൊഴികെയുള്ള കോർപറേഷനുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.