നാദാപുരം: ചെക്യാട് കായലോട്ട് താഴെ വീടിനകത്ത് നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. കീറിയ പറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40)യാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വ്യാഴാഴ്ച്ച ഉച്ചയോടെ മരിച്ചത്. റീനയുടെ ഭര്‍ത്താവ് രാജു കഴിഞ്ഞ ചൊവ്വാഴ്ച്ചയും മൂത്ത മകന്‍ സ്റ്റാലിഷ് (17) ബുധനാഴ്ച്ചയും മരിച്ചിരുന്നു.ഇളയ മകന്‍ സ്റ്റഫിന്‍ മാത്രമാണ് ഇനി ബാക്കിയുള്ളത് .14 കാരനായ സ്റ്റഫിന്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെയാണ് വീടിനകത്ത് വെച്ച് നാല് പേര്‍ക്കും തീപ്പൊള്ളലേറ്റത്. രാജുവും റീനയും തമ്മില്‍ കുടുംബ കലഹം നിലനില്‍ക്കുന്നുണ്ടായിരുന്നു, മക്കളോടൊപ്പം സമീപത്തെ വീട്ടിലെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് പോയി പുലര്‍ച്ചെയോടെ തിരിച്ചെത്തിയ ഇവരെ ഉറങ്ങിക്കിടക്കുമ്പോള്‍ രാജു തീവെച്ചെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിയാണ് റീന.