കൊഹിമ: നാഗാലാന്റില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊഹിമ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യത്തെ കൊറോണ കേസ് ആണ് ഇയാളുടേത്. ഇയാള്‍ ഗുവാഹട്ടി മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്.
രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ആദ്യം ഇയാള്‍ ധിമാപൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഗുവാഹട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിയ ശേഷമാണ് ഇയാളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനയില്‍ രോഗബാധയുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.