തിരുവനന്തപുരം : എ.കെ.ജി സെന്ററിന് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടാക്രമിച്ചവരെയും കണ്ടെത്താനാവാതെ പോലീസ്. വീടിന് നേരെ കല്ലേറുണ്ടായി മൂന്നാഴ്ചയാകുമ്പോഴും പ്രതിയാരാണെന്ന് വ്യക്തമായിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും സംശയിക്കാവുന്ന ആരെയും കണ്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. എ.കെ.ജി സെന്ററിന് നേര്‍ക്ക് സ്ഫോടക വസ്തു എറിഞ്ഞയാള്‍ മൂന്നാം മാസവും കാണാമറയത്താണ്. ഉടന്‍ പിടിക്കുമെന്നൊക്കെ ക്രൈംബ്രാഞ്ച് പറയുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ഏതാണ്ട് അതേ ഗതിയിലാണ് സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീടാക്രമണക്കേസും.
തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ കല്ലേറാണിത്. ഓഗസ്റ്റ് 26ന് രാത്രിയിലായിരുന്നു ആക്രമണം. പിറ്റേദിവസമാണ് കമ്മിറ്റി ഓഫീസിന് പിന്നാലെ സെക്രട്ടറിയുടെ ആനാവൂരിലെ വീടിന് നേര്‍ക്കും ആക്രമണമുണ്ടായതായി അറിയുന്നത്. സെക്രട്ടറിയെ ലക്ഷ്യമിട്ടുള്ള ജെ.പി ആക്രമണമെന്നായിരുന്നു സി.പി.എം ആരോപണമെങ്കിലും പോലീസിന് ഇതുവരെ പ്രതിയേക്കുറിച്ച് സൂചനപോലും ലഭിച്ചിട്ടില്ല. രണ്ട് പ്രശ്നങ്ങളാണ് പോലീസ് പറയുന്നത്. ഒന്ന്, സി.സി.ടി.വി ദൃശ്യങ്ങളില്ല, മറ്റൊന്ന്, ആക്രമണം നടന്ന സമയം മകനും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും സംഭവം അവരറിഞ്ഞില്ല.
രാവിലെ എണീറ്റപ്പോഴാണ് ജനല്‍ചില്ല് പൊട്ടിയത് കണ്ടത്. അതിനാല്‍ ആക്രമണം നടന്ന സമയം വ്യക്തമല്ല. അതുകൊണ്ട് വീടിന് മുന്നിലെ ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളൊക്കെ പരിശോധിക്കുകയും അതില്‍ കണ്ടവരെയെല്ലാം ചോദ്യം ചെയ്യുകയുമാണ് പോലീസ് ചെയ്ത്. അതില്‍ നിന്നൊന്നും ഒരു തുമ്പും കിട്ടാതെ വട്ടം കറങ്ങുകയാണെന്നാണ് മാരായമുട്ടം പോലീസ് പരിതപിക്കുന്നത്. അതോടെ എ.കെ.ജി സെന്റര്‍ പോലെ തന്നെ സെക്രട്ടറിയുടെ വീടാക്രമണ കേസിലെ പ്രതിയും സുകുമാരകുറുപ്പായി മാറിയിരിക്കുകയാണ്.