കൊച്ചി : തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. പ്രതിപക്ഷ നേതാക്കൾക്കെതിരെ പോലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്. നാളെയും തൃക്കാക്കര നഗരസഭയിൽ പോകും. വ്യാഴാഴ്ച കൗൺസിൽ യോഗവും വിളിച്ചു ചേർക്കുമെന്നും അജിത തങ്കപ്പൻ വ്യക്തമാക്കി.
തൃക്കാക്കര നഗരസഭാ ചേംബറിൽ പ്രവേശിച്ചത് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്ന് അജിത തങ്കപ്പൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഓഫിസ് ഉപരോധത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നഗരസഭയിലെത്തിയ അധ്യക്ഷയ്ക്ക് പൂട്ട് തകരാറിലായതിനാൽ ഓഫിസിൽ കടക്കാനായിരുന്നില്ല. രാത്രി ഏഴുമണിയോടെ പൂട്ട് തകർത്തു അധ്യക്ഷ അജിത തങ്കപ്പൻ അകത്തു കയറുകയായിരുന്നു.
ഇതോടൊപ്പം നഗരസഭാ സെക്രട്ടറി പതിച്ച നോട്ടിസും നീക്കി. ഇത് നിയമവിരുദ്ധമെന്ന് കാട്ടി ഇടതുപക്ഷം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിനെയും തദ്ദേശ ഭരണ ഡയറക്ടറെയും അറിയിച്ച ശേഷം നഗരസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പൂട്ട് പൊളിച്ച് അകത്ത് കയറിയതെന്നാണ് നഗരസഭാധ്യക്ഷയുടെ നിലപാട്.