പത്തനംതിട്ട : നഗരസഭയില്‍ നിന്നും നല്‍കുന്ന കെട്ടിട നിര്‍മാണ അനുമതിയുടെ മറവില്‍ മണ്ണ് മാഫിയയുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന് പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കി.
പല കെട്ടിടനിര്‍മ്മാണ അപേക്ഷകളിലും ആവശ്യത്തിലധികം മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി തേടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന കെട്ടിട പെര്‍മിറ്റിന്റെ മറവില്‍ അനുവദനീയമായതില്‍ അധികം മണ്ണ് സ്ഥലത്തു നിന്ന് നീക്കം ചെയ്യുന്നതിന് പിന്നില്‍ മണ്ണ് മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു.
മണ്ണ് നീക്കം ചെയ്യുന്നതിനായി ലഭിക്കുന്ന അപേക്ഷയില്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ സ്ഥലപരിശോധന നടത്തി നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവ് നിശ്ചയിക്കും. അനുമതി നല്‍കുന്ന വസ്തുവില്‍ നിന്നും മണ്ണ് നീക്കം ചെയ്യേണ്ട ഭാഗവും എത്ര അളവില്‍ മണ്ണ് നീക്കം ചെയ്യാനുണ്ട് തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി സൈറ്റ് പ്‌ളാനില്‍ രേഖപ്പെടുത്തും.
അനുമതി നല്‍കിയ ശേഷം വാര്‍ഡുകളുടെ ചുമതലയുള്ള ഓവര്‍സിയര്‍ സ്ഥലം സന്ദര്‍ശിച്ച് അനുമതി നല്‍കിയ അളവ് മണ്ണ് മാത്രമാണ് സ്ഥലത്തു നിന്നും നീക്കം ചെയ്തത് എന്ന് ഉറപ്പുവരുത്തും. അനുവദനീയമായതില്‍ അധികം മണ്ണ് നീക്കം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കും.
കൂടുതല്‍ മണ്ണ് നീക്കം ചെയ്യുന്ന സംഭവങ്ങളില്‍ ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. പത്തനംതിട്ട നഗരത്തില്‍ മണ്ണ് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു തലത്തിലും അംഗീകരിക്കില്ലെന്നും ഇതിനായി പോലീസ്, റവന്യൂ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.