പത്തനംതിട്ട: നഗരസഭയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ സി പി എമ്മിലെ ഒരുകൗണ്‍സിലര്‍ എസ്.ഡി.പി.ഐ അംഗങ്ങളെ ചീത്ത വിളിച്ചുകൊണ്ട് പോസ്റ്റിട്ടത് വിവാദമാകുന്നു. സി.പി.എമ്മിലെ വിഭാഗീയതയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം.
സി. പി.എം കൗണ്‍സിലര്‍ വി. ആര്‍. ജോണ്‍സണ്‍ ആണ് പോസ്റ്റിട്ടിരിക്കുന്നത്. എസ്. ഡി. പി. ഐ പട്ടികളുടെ ഔദാര്യത്തിലല്ല പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ സ്ഥാനമെന്നും വര്‍ഗീയ വാദം തുലയട്ടെയെന്നുമാണ് പോസ്റ്റില്‍. കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാവരും ഉള്‍പ്പെട്ട വാട്ട്‌സ് ആപ് ഗ്രൂപ്പിലാണ് ജോണ്‍സന്‍ പോസ്റ്റിട്ടത്. നഗരസഭാ ചെയര്‍മാന്‍ എസ്.ഡിപി.ഐക്ക് അനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതായും സി.പി.എമ്മിന്റെ പല കൗണ്‍സിലര്‍മാരേയും അവഗണിക്കുന്നതായും സി.പി.എമ്മിനുള്ളില്‍ പരാതി ഉയരുന്ന സമയത്താണ് ഇങ്ങനെയൊരു വിവാദം. സി.പി.എം പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് പലവിധ ആരോപണങ്ങളും ഉയരുന്നുണ്ട്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ ഏക പ്രതിനിധി സുമേഷ് ബാബുവിനെ ഒഴിവാക്കി എസ്.ഡി.പി.ഐ കാണ്‍സിലര്‍ ഷെമീറിനെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആക്കിയതില്‍ സി.പി.ഐ പരസ്യമായി പ്രതികരിച്ചിരുന്നു. പല വാര്‍ഡുകളിലും ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ എസ്.ഡിപി.ഐക്ക് കിട്ടുന്ന പ്രാധാന്യം തങ്ങള്‍ക്ക് കിട്ടുന്നില്ലന്ന് സി.പി.എം കാണ്‍സിലര്‍മാര്‍ക്ക് പരാതിയുണ്ട്. വി ആര്‍ ജോണ്‍സനും ഇദ്ദേഹത്തെ അനുകൂലിക്കുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഫെയ്‌സ് ബുക്കിലും ഇതേ പോസ്റ്റിട്ടിട്ടുണ്ട്.
രാഷ്ട്രീയ വിവരം ഇല്ലായ്മ പാര്‍ട്ടി പഠന ക്ലാസിലാണ് പരിഹരിക്കേണ്ടതെന്ന് എസ്.ഡി.പി.ഐ കൗണ്‍സിലര്‍ എസ്. ഷെമീര്‍ വാട്‌സപ്പ് ഗ്രൂപ്പില്‍ ഇതിന് മറുപടി നല്‍കിയതും വിവാദത്തിന് ആക്കംകൂട്ടി. തങ്ങള്‍ ആരെയെങ്കിലും ജയിപ്പിച്ചുവെന്നോ ആരെയെങ്കിലും പിന്തുണച്ചുവെന്നോ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ മറുപടിയിലുണ്ട്. ഇത്തരം ചര്‍ച്ച ഔഗ്യോഗിക ഗ്രുപ്പിലല്ല നടത്തേണ്ടതെന്നും ഷെമീര്‍ പറയുന്നുണ്ട്.
എസ്.ഡി.പി.ഐയുടെ പിന്തുണയോടെ അഡ്വ.സക്കീര്‍ ഹുസൈന്‍ ചെയര്‍മാനാനായി ഭരണത്തില്‍ വന്നതോടെയാണ് പാര്‍ട്ടിയില്‍ ചേരിപ്പോര് ആരംഭിച്ചത്. എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള ഭരണത്തില്‍ സി.പി.എമ്മില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി താഴെ തട്ടില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് വിഭാഗിയത മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. എസ്.ഡി.പി. ഐ പിന്തുണയോടെ സി.പി.എം ഭരണത്തിലേറിയതു മുതല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്.